മൊറട്ടോറിയം പദ്ധതി: 974 കോടി രൂപ കൂടി അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം

January 20, 2022 |
|
News

                  മൊറട്ടോറിയം പദ്ധതി: 974 കോടി രൂപ കൂടി അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: കോവിഡ് മൊറട്ടോറിയം കാലയളവില്‍ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് 973.74 കോടി രൂപ കൂടി അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.  2020 മാര്‍ച്ച് ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള മൊറട്ടോറിയം കാലയളവിലെ വായ്പക്കുള്ള കൂട്ടുപലിശ ഗുണഭോക്താക്കള്‍ക്കു തിരികെ നല്‍കിയ പദ്ധതിക്കാണ് അധിക തുക.  ബജറ്റില്‍ വകയിരുത്തിയ 5,500 കോടിക്കു പുറമേയാണിത്.

ഇതോടെ പദ്ധതിക്കായി ആകെ സര്‍ക്കാരിനു ചെലവായത് 6,473.74 കോടി രൂപയാണ്. പദ്ധതി ഏകോപിപ്പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ക്ലെയിം തുക കണക്കാക്കിയാണ് അധിക തുക അംഗീകരിച്ചത്. ഭവന നിര്‍മാണം, വിദ്യാഭ്യാസം, ക്രെഡിറ്റ് കാര്‍ഡ്, വാഹനം, എംഎസ്എംഇ, വീട്ടുപകരണങ്ങള്‍ തുടങ്ങി 8 വിഭാഗങ്ങളില്‍  2 കോടി രൂപവരെ വായ്പയെടുത്തവര്‍ക്കായിരുന്നു ആനുകൂല്യം. മൊറട്ടോറിയം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൂട്ടുപലിശ തിരികെ തരുന്നതാണ് പദ്ധതി. പകരം ഈ കാലയളവില്‍ സാധാരണ പലിശ ഈടാക്കി.

മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കു മേലുള്ള പലിശ(കൂട്ടുപലിശ) ഒഴിവാക്കുന്നതിനുള്ള തുക ധനകാര്യസ്ഥാപനങ്ങള്‍ എക്‌സ്‌ഗ്രേഷ്യ എന്ന പേരില്‍ അതത് വായ്പാ അക്കൗണ്ടുകളിലേക്കു നല്‍കിയിരുന്നു. വായ്പാ ദാതാക്കള്‍ക്ക് ഈ തുക സര്‍ക്കാരാണ് നല്‍കുന്നത്. ബാങ്ക് വായ്പയെടുത്തവര്‍ കോവിഡ് കാരണം പ്രതിസന്ധിയിലാണെന്നും പലിശയിളവ് ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ പരിഗണിക്കണമെന്നുമുള്ള സുപ്രീം കോടതി നിര്‍ദേശപ്രകാരമാണു കേന്ദ്രസര്‍ക്കാര്‍ അന്ന് തീരുമാനമെടുത്തത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved