എയര്‍ ഇന്ത്യ ഓഹരി വില്‍പ്പന: വില്‍പ്പനയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി

October 30, 2020 |
|
News

                  എയര്‍ ഇന്ത്യ ഓഹരി വില്‍പ്പന:  വില്‍പ്പനയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി

മുംബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വില്‍പ്പന ആകര്‍ഷകമാക്കാന്‍, വില്‍പ്പനയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി. ജനുവരി 27- ന് വില്‍പ്പനയ്ക്കായി താത്പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് നടപടി.

പുതുക്കിയ മാനദണ്ഡപ്രകാരം കമ്പനിയുടെ മൂല്യം കണക്കാക്കി ഏറ്റെടുക്കല്‍ പദ്ധതി സമര്‍പ്പിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. എത്രവരെ കടബാധ്യത ഏറ്റെടുക്കാമെന്ന് പ്രത്യേകം രേഖപ്പെടുത്താം. ഏറ്റെടുക്കുന്ന കടബാധ്യതയുടെയും ഓഹരിയുടെയും ആകെ തുകയാണ് കമ്പനിയുടെ മൂല്യമായി കണക്കാക്കുക.

ഇതനുസരിച്ച് ഡിസംബര്‍ 15 വരെ ബിഡ് സമര്‍പ്പിക്കാം. കോവിഡ് ഉണ്ടാക്കിയ ആഘാതവും വ്യോമയാന മേഖലയിലെ പ്രത്യേക സാഹചര്യവും പരിഗണിച്ച് വിവിധ സാധ്യതകള്‍ തേടുന്നതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബിഡ് സമര്‍പ്പിച്ചവരില്‍ നിന്നുള്ള ചുരുക്കപ്പട്ടിക ഡിസംബര്‍ 28 -ന് പ്രഖ്യാപിക്കും. നേരത്തേ നിശ്ചയിച്ച രീതിയില്‍ കമ്പനിയുടെ കടബാധ്യതയില്‍ ഒരു ഭാഗം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved