സ്വകാര്യവത്കരണം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യ യാത്ര നിര്‍ബന്ധമില്ല

November 09, 2021 |
|
News

                  സ്വകാര്യവത്കരണം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യ യാത്ര നിര്‍ബന്ധമില്ല

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യയില്‍ തന്നെ യാത്ര ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുകയും ടാറ്റയുടെ ഭാഗമാകുകയും ചെയ്തതോടെയാണ് ഈ നിബന്ധന സര്‍ക്കാര്‍ നീക്കിയത്. ഇനി മറ്റേത് വിമാനത്തിലുമെന്നപോലെ മുന്‍കൂര്‍ പണം കൊടുത്ത് ടിക്കറ്റെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ യാത്രചെയ്യാം. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് ടിക്കറ്റെടുക്കുന്നതിലൂടെ കമ്മീഷന്‍ ഇനത്തിലും സര്‍ക്കാരിന് അധിക ചെലവുണ്ടാകും.

മുന്‍കൂര്‍ പണം നല്‍കാതെ എയര്‍ ഇന്ത്യയില്‍ ഇനി യാത്രചെയ്യാനാവില്ല. ഇതുവരെയുള്ള ബാധ്യത കൊടുത്തുതീര്‍ക്കാനും ധനമന്ത്രാലയും വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ വ്യവസ്ഥപ്രകാരം എയര്‍ ഇന്ത്യയുടെ സര്‍വീസ് ഇല്ലാത്ത പ്രദേശങ്ങളിലേക്ക് യാത്രചെയ്യുമ്പോള്‍ മാത്രമാണ് മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് എടുക്കാന്‍ അനുവദിച്ചിരുന്നത്.

പ്രദേശികമായി സര്‍വീസ് നടത്തുന്നവക്കുപുറമെ, രാജ്യത്ത് എട്ട് വിമാനക്കമ്പനികളാണ് പ്രധാനമായുമുള്ളത്. വിസ്താര, എയര്‍ ഏഷ്യ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ്, അലയന്‍സ് എയര്‍ എന്നിവയാണവ. എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവയുടെ കൗണ്ടറുകളില്‍നിന്നോ ഐആര്‍സിടിസി, അശോക ട്രാവല്‍സ്, ബല്‍മര്‍ ലോറി ആന്‍ഡ് കോ എന്നീ സ്ഥാപനങ്ങളില്‍നിന്നോ ടിക്കറ്റ് എടുത്ത് യാത്രചെയ്യണമെന്ന് നവംബര്‍ അഞ്ചിലെ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ അറിയിപ്പില്‍ പറയുന്നു. നിരവധി ശ്രമങ്ങള്‍ നടത്തിയതിനുശേഷമാണ് കനത്ത ബാധ്യതയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയെ 18,000 കോടി രൂപക്ക് ടാറ്റ സണ്‍സിന് വിറ്റത്.

Related Articles

© 2025 Financial Views. All Rights Reserved