
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസുകൾ, പെർമിറ്റുകൾ, രജിസ്ട്രേഷൻ തുടങ്ങിയ വാഹന രേഖകളുടെ സാധുത ജൂൺ 30 വരെ കേന്ദ്രം നീട്ടി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ചരക്കുകളുടെ തടസ്സരഹിതമായ ഗതാഗതം ഉറപ്പാക്കാനാണ് ഈ നീക്കം പ്രഖ്യാപിച്ചത്.
ഇതിനോടകം കാലാവധി കഴിഞ്ഞ രേഖകൾ ജൂൺ 30 വരെ സാധുതയുള്ളതായി കണക്കാക്കണമെന്ന് റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം എല്ലാ സംസ്ഥാന അധികാരികൾക്കും നിർദേശം നൽകി. രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സമയത്ത് ഗതാഗത ഓഫീസുകൾ അടച്ചതുമൂലം മോട്ടോർ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ സാധുത പുതുക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അങ്ങനെ നേരിടുന്ന പൗരന്മാർക്ക് സൗകര്യമൊരുക്കാനാണ് പ്രസ്തുത തീരുമാനം.
എല്ലാ സംസ്ഥാനങ്ങളും എംവി ആക്റ്റ് & റൂൾസ് പ്രകാരം ലോക്ക്-ഡൗൺ കാരണം പുതുക്കാൻ കഴിയാത്തതായി മനസ്സിലാക്കി 2020 ഫെബ്രുവരി 1 മുതൽ കാലഹരണപ്പെടുകയോ 2020 ജൂൺ 30 നകം കാലഹരണപ്പെടുകയോ ചെയ്യുന്ന രേഖകൾ 2020 ജൂൺ 30 വരെ സാധുതയുള്ളതായി പരിഗണിക്കാൻ അഭ്യർത്ഥിക്കുന്നു. ഫിറ്റ്‌നെസ്, പെർമിറ്റ് (എല്ലാത്തരം), ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ അല്ലെങ്കിൽ മോട്ടോർ വെഹിക്കിൾസ് ആക്ടിന് കീഴിലുള്ള മറ്റേതെങ്കിലും രേഖകൾ എന്നിവ ഈ രേഖകളിൽ ഉൾപ്പെടുന്നു. നിലവിൽ അവശ്യവസ്തുക്കളുടെ ഉൽപാദനത്തിനും വിതരണത്തിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മാത്രമല്ല, അത്തരം സാധനങ്ങളും ചരക്കുകളും കൊണ്ടുപോകുന്നതിന് വാഹനങ്ങളും അനുവദിച്ചിട്ടുണ്ടെന്ന് വിവരം ലഭ്യമാകുന്നു.