
ന്യൂഡല്‍ഹി: വളം സബ്‌സിഡി ഉയര്‍ത്താനുള്ള ചരിത്രപരമായ തീരുമാനം കൈകൊണ്ട് കേന്ദ്ര സര്‍ക്കാര്‍. ഡിഎപി വളത്തിന്റെ സബ്‌സിഡി 140% വര്‍ദ്ധിപ്പിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് ഒരു ബാഗ് ഡിഎപിക്ക് 500 രൂപയ്ക്ക് പകരം 1200 രൂപ സബ്സിഡി ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച രാസവള വില സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് ഇത്തരമൊരു നിര്‍ണ്ണായകമായ തീരുമാനമുണ്ടായത്. രാജ്യാന്തരതലത്തില്‍ ഫോസ്‌ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ വില വര്‍ദ്ധിക്കുന്നതിനാല്‍ വളങ്ങളുടെ വില വര്‍ദ്ധിക്കുന്നതായി ചര്‍ച്ച ചെയ്യപ്പെട്ടു. അന്താരാഷ്ട്ര വില വര്‍ധിച്ചിട്ടും കര്‍ഷകര്‍ക്ക് പഴയ നിരക്കില്‍ വളം ലഭിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഡിഎപിയുടെ അന്താരാഷ്ട്ര വിപണി വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടും, പഴയ വിലയായ 1200 രൂപയ്ക്ക് വില്‍ക്കുന്നത് തുടരാന്‍ തീരുമാനിക്കുകയും വിലവര്‍ദ്ധനവിന്റെ എല്ലാ ഭാരവും വഹിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിക്കുകയും ചെയ്തു. ബാഗ് ഒന്നിനുള്ള സബ്സിഡിയുടെ അളവ് ഇതിന് മുന്‍പ് ഒരിക്കലും ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം, ഡിഎപിയുടെ യഥാര്‍ത്ഥ വില ഒരു ബാഗിന് 1,700 രൂപയായിരുന്നു. ഇതില്‍ കേന്ദ്ര ഗവണ്മെന്റ് ഒരു ലക്ഷം രൂപ സബ്സിഡി നല്‍കിയിരുന്നു. ഒരു ബാഗിന് 500 രൂപ. അതിനാല്‍ കമ്പനികള്‍ ഒരു ബാഗിന് 1200 രൂപയ്ക്ക് വളം വില്‍ക്കുകയായിരുന്നു.
അടുത്തിടെ, ഡിഎപിയില്‍ ഉപയോഗിക്കുന്ന ഫോസ്‌ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ അന്താരാഷ്ട്ര വില 60% മുതല്‍ 70% വരെ ഉയര്‍ന്നു. അതിനാല്‍, ഒരു ഡിഎപി ബാഗിന്റെ യഥാര്‍ത്ഥ വില ഇപ്പോള്‍ 2400 രൂപയാണ്, ഇത് 500 രൂപ സബ്‌സിഡി പരിഗണിച്ച് രാസവള കമ്പനികള്‍ക്ക് 1900 രൂപയ്ക്ക് വില്‍ക്കാന്‍ കഴിയും. ഇന്നത്തെ തീരുമാനത്തോടെ, കര്‍ഷകര്‍ക്ക് 1200 രൂപയ്ക്ക് ഒരു ഡിഎപി ബാഗ് തുടര്‍ന്നും ലഭിക്കും. കര്‍ഷകരുടെ ക്ഷേമത്തിനായി തന്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും വിലക്കയറ്റത്തിന്റെ ആഘാതം കര്‍ഷകര്‍ക്ക് നേരിടേണ്ടതില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രാസവളങ്ങള്‍ക്കുള്ള സബ്‌സിഡി ഇനത്തില്‍ കേന്ദ്ര ഗവണ്മെന്റ് പ്രതിവര്‍ഷം 80,000 കോടി രൂപ ചെലവഴിക്കുന്നു. ഡിഎപിയിലെ സബ്‌സിഡി വര്‍ദ്ധിക്കുന്നതോടെ ഖാരിഫ് സീസണില്‍ 14,775 കോടി രൂപ അധികമായി സബ്‌സിഡിയായി കേന്ദ്ര ഗവണ്മെന്റ് ചെലവഴിക്കും. അക്ഷയ തൃതീയ ദിനത്തില്‍ പി എം -കിസാന് കീഴില്‍ 20,667 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് കൈമാറിയ ശേഷമുള്ള രണ്ടാമത്തെ പ്രധാന കര്‍ഷക അനുകൂല തീരുമാനമാണിത്.