
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ, എഞ്ചിനീയറിംഗ് കമ്പനിയായ ബിഇഎംഎല്ലിലെ 26 ശതമാനം ഓഹരികള്‍ക്കായി പ്രാഥമിക ബിഡ്ഡുകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എയര്‍ ഇന്ത്യ എന്നിവയ്ക്ക് പിന്നാലെയാണ് ബിഇഎംഎല്ലിന്റെ ഓഹരി വില്‍പ്പന സംബന്ധിച്ച നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.
ബിഇഎംഎല്ലില്‍ 54 ശതമാനം ഓഹരിയാണ് സര്‍ക്കാരിനുളളത്. ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാരിന് സ്ഥാപനത്തിന്റെ മാനേജ്‌മെന്റിലെ നിയന്ത്രണം കുറയും. ലേലം വിജയിച്ചെത്തുന്നവര്‍ക്ക് നിയന്ത്രണം കൈമാറേണ്ടി വരും. ഓപ്പണ്‍ മത്സര ബിഡ്ഡിംഗിലൂടെയാണ് വില്‍പ്പന നടക്കുക, മാര്‍ച്ച് ഒന്നിനകം കമ്പനിയുടെ ലേലത്തിനായി താല്‍പ്പര്യപത്രം സമര്‍പ്പിക്കണം.
എസ് ബി ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡിനെ ബിഇഎംഎല്ലിലെ ഓഹരി വില്‍പ്പനയുടെ ട്രാന്‍സാക്ഷന്‍ അഡൈ്വസറായി സര്‍ക്കാര്‍ നിയമിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മിനിരത്‌ന കാറ്റഗറി -1 പൊതുമേഖല കമ്പനിയാണ് ബിഇഎംഎല്‍. 1964 മെയ് 11 നാണ് കമ്പനി സംയോജിപ്പിച്ചത്.