കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത് 32,825 കോടി രൂപ

April 01, 2021 |
|
News

                  കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത് 32,825 കോടി രൂപ

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാരിന് മൊത്തം സമാഹരിക്കാനായത് 32,825 കോടി രൂപ. ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയെ കോവിഡ് 19 വലിയ തോതില്‍ ബാധിച്ചു. സാമ്പത്തിക വര്‍ഷത്തിനായി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്ന 2.10 ലക്ഷം കോടി രൂപയുടെ സമാഹരണത്തെ അപേക്ഷിച്ച് വളരേ കുറവ് സമാഹരണം മാത്രമാണ് സാധ്യമായത്.

നിക്ഷേപ- പൊതു ആസ്തി കൈകാര്യ വകുപ്പ് (ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ ബുധനാഴ്ച നടത്തിയ ട്വീറ്റില്‍ ഇങ്ങനെ പറഞ്ഞു: 2020-21 ലെ മൊത്തം ഡിപാം വരുമാനം 71,857 കോടി രൂപയാണ്, ഇതില്‍ 32,835 കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ രസീതും 39,022 കോടി രൂപയുടെ ഡിവിഡന്റ് രസീതുകളും ഉള്‍പ്പെടുന്നു.   

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിട്ട നിരവധി പൊതുമേഖലാ സ്ഥാപനങ്ങളില്‍ വില്‍പ്പന പ്രക്രിയ മുന്നോട്ടുപോയില്ല. കോവിഡ് 19 സൃഷ്ടിച്ച തടസങ്ങള്‍ തന്നെയായിരുന്നു ഇതിന്റെ പ്രധാന കാരണം. എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എന്നിവയുള്‍പ്പെടെ മുന്‍കൂട്ടി പ്രഖ്യാപിച്ച സ്വകാര്യവല്‍ക്കരണ പ്രക്രിയകളും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പ്രഥമ ഓഹരി വില്‍പ്പനയും ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള മൊത്തം ലാഭവിഹിതം 39,022 കോടി രൂപയിലെത്തിയെന്നും ഇത് 34,717 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് മുകളിലെത്തിയെന്നും മറ്റൊരു ട്വീറ്റില്‍ ഡിപാം സെക്രട്ടറി പറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 35,543 കോടി രൂപയായിരുന്നു ലാഭവിഹിതം. തന്ത്രപ്രധാന മേഖലകളിലെ പരിമിതമായ സാന്നിധ്യം മാത്രം നിലനിര്‍ത്തി പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാനുള്ള നയം സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. തന്ത്രപരമല്ലാത്ത മേഖലകളില്‍ വില്‍പ്പന സാധ്യമാകാത്ത പിഎസ്യുകള്‍ അടച്ചുപൂട്ടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved