
ന്യൂഡല്‍ഹി: ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. 26 ശതമാനം വരെ ഇവര്‍ക്ക് വിദേശ നിക്ഷേപം ഇന്ത്യയില്‍ നടത്താന്‍ അനുമതി നല്‍കുന്നതിനാണ് ആലോചന. ചൈനയും ഹോങ്കോങും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഈ ഇളവ് ലഭിച്ചേക്കും. അതേസമയം, പാകിസ്താന്റെ കാര്യത്തിലുള്ള നിലപാട് നിലവില്‍ വ്യക്തമല്ല. അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ കാര്യമായ സൂക്ഷ്മ പരിശോധന നടത്തില്ല. 26 ശതമാനം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ ഇളവുണ്ടാകുക.
എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിഷയം പഠിക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതി രൂപീകരിച്ചിരുന്നു. ഇവരുടെ ചര്‍ച്ചകള്‍ തുടരുകയാണെന്നും അയല്‍ രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഏപ്രിലില്‍ വിദേശ നിക്ഷേപ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. അയല്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണ് എന്നതാണ് പ്രധാന ഭേദഗതി. തുടര്‍ന്ന് ഇക്കാര്യത്തില്‍ ചില ഇളവുകള്‍ വേണമെന്ന് അഭിപ്രായം ഉയര്‍ന്നു. അയല്‍ രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ സമിതി പ്രവര്‍ത്തിക്കുന്നത്.
26 ശതമാനം വരെയുള്ള നിക്ഷേപത്തിന് ചില മേഖലകളില്‍ ഇളവ് നല്‍കാമെന്നാണ് സമിതിയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപത്തിന് ഇളവ് നല്‍കില്ല. അയല്‍രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം ഇറക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാക്കി ഏപ്രില്‍ 18നാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. ചൈന, പാകിസ്താന്‍, നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലുള്ള കമ്പനികള്‍ക്കെല്ലാം കേന്ദ്രത്തിന്റെ അനുമതി ആവശ്യമായിരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും നിക്ഷേപകര്‍ക്ക് പങ്കാളിത്തമുള്ള അയല്‍രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഇന്ത്യയുടെ പുതിയ തീരുമാനം തിരിച്ചടിയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക കരുത്ത് തിരിച്ചുപിടിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണ്. വിദേശ നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കാനും ശ്രമിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇളവ് പരിഗണിക്കുന്നത്.