ദീപാവലി സമ്മാനമായി 20 ലക്ഷം കോടിയുടെ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് കേന്ദ്രം

November 12, 2020 |
|
News

                  ദീപാവലി സമ്മാനമായി 20 ലക്ഷം കോടിയുടെ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ കാരണം പ്രതിസന്ധിയിലായ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാന്‍ 20 ലക്ഷം കോടിയുടെ പുതിയ പദ്ധതി നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കും. ദീപാവലിക്ക് മുമ്പ് പ്രഖ്യാപനമുണ്ടാകുമെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയോട് പറഞ്ഞു. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, ഉല്‍പ്പാദന മേഖലയെ ശക്തിപ്പെടുത്തുക എന്നിവയിലൂന്നിയാകും അടുത്ത പ്രഖ്യാപനം എന്നാണ് സൂചന. ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നത് വഴി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള തന്ത്രമാണ് ആലോചിക്കുന്നത്.

നേരത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. വിപുലമായ പ്രഖ്യാപനത്തിനാണ് ഇനി സാധ്യത. കടുത്ത വെല്ലുവിളി ഇന്ത്യന്‍ സാമ്പത്തിക രംഗം നേരിട്ടിരുന്നു. പതിയെ വീണ്ടും പച്ച പിടിച്ചു വരികയാണ്. ഇതിന് സഹായകമാകുന്ന പ്രഖ്യാപനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുക. ജൂണ്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യന്‍ ജിഡിപി 23 ശതമാനം ഇടിഞ്ഞിരുന്നു എന്നാണ് കണക്ക്.

സാമ്പത്തിക രംഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപിച്ചത്. കൊറോണയും ലോക്ക്ഡൗണും കാരണം പ്രതിസന്ധിയിലായവരെ സഹായിക്കാനായിരുന്നു പ്രഖ്യാപനം. വായ്പയും നേരിട്ട് പണം അക്കൗണ്ടുകളിലെത്തിക്കലുമെല്ലാം ആദ്യ ഘട്ടത്തിന്റെ ഭാഗമായിരുന്നു. 21 ലക്ഷം കോടി രൂപയുടെ പ്രഖ്യാപനമാണ് നടത്തിയത് എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 10 ശതമാനമാണ് ഈ പ്രഖ്യാപനം വഴി രക്ഷാ പദ്ധതിയായി അവതരിപ്പിച്ചത് എന്ന് സര്‍ക്കാര്‍ പറയുന്നു.

അതേസമയം, ഉദ്യോഗസ്ഥര്‍ക്കുള്ള ആനുകൂല്യത്തിന് പുറമെ, ഉല്‍പ്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള സഹായ പദ്ധതികളും പുതിയ പ്രഖ്യാപനത്തിലുണ്ടാകും. 10 മേഖലകളിലേക്ക് രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിക്കുക എന്നാണ് വിവരം. ഇതിന് കേന്ദ്രമന്ത്രിസഭ ഇന്ന് അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ഉല്‍പ്പാദന മേഖല ശക്തിപ്പെടുത്തുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നതാകും പദ്ധതികള്‍. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ആഗോള വിപണയില്‍ കിടപിടിക്കുന്ന ഉല്‍പ്പാദന പദ്ധതികള്‍ ആവിഷ്‌കരിക്കും. വിദേശ നിക്ഷേപം ആകര്‍ഷിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved