
ന്യൂഡല്‍ഹി: എഫ്‌സിഐയുടെയും വിള സംഭരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെയും സഹായത്തോടെ തിങ്കളാഴ്ച വരെ 98.19 ലക്ഷം ടണ്‍ നെല്ല് കേന്ദ്രസര്‍ക്കാര്‍ സംഭരിച്ചു. താങ്ങുവിലയ്ക്കാണ് സംഭരിച്ചിരിക്കുന്നത്. അതിന് വേണ്ടി ആകെ ചെലവഴിച്ചത് 18.540 കോടി രൂപയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഛണ്ഡീഗഡ്, ജമ്മു കശ്മീര്‍, കേരളം എന്നിവിടങ്ങളില്‍ നിന്നാണ് നെല്ല് സംഭരിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 19 വരെയുള്ള കണക്കാണിത്. 8.54 ലക്ഷം കര്‍ഷകരില്‍ നിന്നാണ് നെല്ല് സംഭരിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 80.20 ലക്ഷം ടണ്ണാണ് സംഭരിച്ചിരുന്നത്. ഇക്കുറി ഇതില്‍ 22.43 ശതമാനം വര്‍ധനവാണ് സംഭരണത്തില്‍ ഉണ്ടായത്. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡിഷ, രാജസ്ഥാന്‍ ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് 42.46 ലക്ഷം ടണ്‍ പയറുവര്‍ഗങ്ങളും ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിന്ന് 1.23 ലക്ഷം ടണ്‍ കൊപ്രയും സംഭരിക്കാന്‍ കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ട്.
കര്‍ഷക നിയമത്തില്‍ രാജ്യത്തെ കര്‍ഷകരില്‍ നല്ലൊരു വിഭാഗവും രോഷാകുലരായിരിക്കെ, തണുപ്പിക്കാനുള്ള കഠിനാധ്വാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അതിന്റെ ഗുണഫലം ലഭിക്കുന്നതും കര്‍ഷകര്‍ക്ക് തന്നെ. പുതിയ കര്‍ഷക നിയമങ്ങളിലൂടെ താങ്ങുവിലയ്ക്ക് വിളകള്‍ സംഭരിക്കാനാവില്ലെന്ന പ്രതിപക്ഷ ആരോപണം മറികടക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.