സ്വര്‍ണ ബോണ്ട് മെയ് 11 ന് വാങ്ങാം; വിശദാംശങ്ങള്‍ അറിയാം

May 09, 2020 |
|
News

                  സ്വര്‍ണ ബോണ്ട് മെയ് 11 ന് വാങ്ങാം; വിശദാംശങ്ങള്‍ അറിയാം

സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ മെയ് 11 ന് ആരംഭിക്കുമെന്ന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) വെള്ളിയാഴ്ച അറിയിച്ചു. സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം 2020-21ലെ സീരീസ് 2 വില്‍പ്പനയാണ് മെയ് 11ന് ആരംഭിക്കുന്നത്. നിങ്ങള്‍ സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വര്‍ണം ആഭരണമായി വാങ്ങുന്നതിലും ലാഭം സ്വര്‍ണ ബോണ്ടില്‍ നിക്ഷേപം നടത്തുന്നതാണ്. സോവറിന്‍ ഗോള്‍ഡ് ബോണ്ട് സീരീസ് 1 വില്‍പ്പന ഏപ്രില്‍ മാസത്തില്‍ അക്ഷയ തൃതീയയോട് അനുബന്ധിച്ച് നടന്നിരുന്നു.

ഗോള്‍ഡ് ബോണ്ട് പദ്ധതിയെക്കുറിച്ചുള്ള 2020-21-സീരീസ് 2 വിശദാംശങ്ങള്‍

ഇഷ്യു തീയതി: 2020 മെയ് 11 മുതല്‍ 15 വരെ
ഇഷ്യു വില: ഒരു ഗ്രാമിന് 4,590 രൂപ
കിഴിവ്: ഓണ്‍ലൈനായി അപേക്ഷിക്കുകയും പണമടയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് നല്‍കും. അത്തരം നിക്ഷേപകര്‍ക്ക് ഇഷ്യു വില ഗ്രാമിന് 4,540 രൂപയായിരിക്കും.

യോഗ്യത, കാലാവധി

യോഗ്യത: ഇന്ത്യയിലെ സ്ഥിര താമസക്കാര്‍, എച്ച്യുഎഫുകള്‍, ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മാത്രമേ വാങ്ങാന്‍ സാധിക്കൂ.
കാലാവധി: പലിശ പേയ്മെന്റ് തീയതികളില്‍ 5 വര്‍ഷത്തിനുശേഷം എക്‌സിറ്റ് ഓപ്ഷനുമായി ആകെ 8 വര്‍ഷം.
കുറഞ്ഞ നിക്ഷേപം: 1 ഗ്രാം സ്വര്‍ണം.
പരമാവധി പരിധി: വ്യക്തികള്‍ക്ക് 4 കിലോയും എച്ച്യുഎഫും ട്രസ്റ്റുകള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും 20 കിലോഗ്രാമും ഒരു വര്‍ഷത്തില്‍ വാങ്ങാം

എന്താണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി?

സ്വര്‍ണത്തിന്റെ യൂണിറ്റുകള്‍ സര്‍ക്കാര്‍ സുരക്ഷിതത്വത്തില്‍ വാങ്ങാവുന്ന പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) പദ്ധതി. ഈ സ്‌കീമിലൂടെ നിങ്ങള്‍ക്ക് ഒരു നിശ്ചിത ഭാരം സ്വര്‍ണ്ണം സ്വന്തമാക്കുമ്പോള്‍, ഒരു ബോണ്ടിന്റെ രൂപത്തില്‍ സമാന മൂല്യം നിങ്ങള്‍ സ്വന്തമാക്കുമെന്നാണ് ഇതിനര്‍ത്ഥം. മെച്യുരിറ്റി സമയത്ത് ബോണ്ടുകളില്‍ നിന്ന് നേടിയ പലിശയും നിങ്ങള്‍ക്ക് ലഭിക്കും. ഗോള്‍ഡ് ബോണ്ടിന്റെ വില്‍പ്പന റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പുറപ്പെടുവിക്കുകയും അറിയിപ്പുകള്‍ വഴി മുന്‍കൂട്ടി അറിയിക്കുകയും ചെയ്യും.

ആരംഭിച്ചത് എന്ന്?

ഭൗതിക സ്വര്‍ണ്ണത്തിന്റെ ആവശ്യം കുറയ്ക്കുന്നതിനും ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വര്‍ണം വാങ്ങുന്നതിനും സാമ്പത്തിക ലാഭത്തിലേക്ക് മാറ്റുന്നതിനുമാണ് 2015 നവംബറില്‍ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ താമസക്കാര്‍ക്ക് ഡീമാറ്റ് രൂപത്തില്‍ സ്വര്‍ണം കൈവശം വയ്ക്കാന്‍ പദ്ധതി അനുവദിക്കുന്നു.

എങ്ങനെ വാങ്ങാം?

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, നിയുക്ത പോസ്റ്റ് ഓഫീസുകള്‍, എന്‍എസ്ഇ, ബിഎസ്ഇ എന്നിവയിലൂടെ നേരിട്ടോ ഏജന്റുമാര്‍ വഴിയോ വാങ്ങാം. ഇവയുടെ വെബ്സൈറ്റുകളില്‍ നിന്നും ബ്രാഞ്ചുകളില്‍ നിന്നും വാങ്ങാവുന്നതാണ്. രാജ്യവ്യാപകമായി ലോക്ക്‌ഡൌണ്‍ ആയതിനാല്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നതാകും മികച്ച ഓപ്ഷന്‍. ഈ ബോണ്ടുകളുടെ ഇഷ്യു വില നിങ്ങള്‍ക്ക് പണമായി (20,000 രൂപ വരെ), ചെക്ക്, ബോണ്ടുകള്‍, ഡിഡി അല്ലെങ്കില്‍ ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ എന്നിവ വഴി അടയ്ക്കാം.

സ്വര്‍ണം നമ്പര്‍ വണ്‍

കൊവിഡ് 19 മഹാമാരി മൂലമുള്ള അനിശ്ചിതത്വം കാരണം ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ അപകട സാധ്യത നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ 2020 ല്‍ സ്വര്‍ണം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിക്ഷേപ മാര്‍ഗമായി മാറി. സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനുള്ള മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണ ബോണ്ടുകള്‍. കാരണം ഇവ ഓണ്‍ലൈനില്‍ വാങ്ങാനും സര്‍ക്കാര്‍ സുരക്ഷിതത്വവും ഉറപ്പ് നല്‍കുന്നു. 8 വര്‍ഷം (മെച്യൂരിറ്റി വരെ) മുഴുവന്‍ കാലാവധിയും കൈവശം വച്ചാല്‍, ലോഹത്തിന്റെ വിലയിലും പലിശ (കൂപ്പണ്‍) വരുമാനത്തിലും നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കും.

Related Articles

© 2024 Financial Views. All Rights Reserved