ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി: കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും; 30,600 കോടി രൂപ മന്ത്രിസഭ അനുവദിച്ചു

September 17, 2021 |
|
News

                  ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി: കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും; 30,600 കോടി രൂപ മന്ത്രിസഭ അനുവദിച്ചു

ന്യൂഡല്‍ഹി: ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കൈകാര്യം ചെയ്യാന്‍ രൂപവത്കരിച്ച 'നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്' നല്‍കുന്ന സെക്യൂരിറ്റി രശീതിന് കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. ഇതിനായി 30,600 കോടി രൂപ മന്ത്രിസഭ അനുവദിച്ചു. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയായ രണ്ടുലക്ഷം കോടി രൂപയാണ് എന്‍എആര്‍സിഎല്‍ ഘട്ടംഘട്ടമായി ഏറ്റെടുക്കുകയെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ഏറ്റെടുക്കുമ്പോള്‍ 15 ശതമാനം പണമായും 85 ശതമാനം സെക്യൂരിറ്റി രശീതിയായും ആണ് നല്‍കുക. അതിന്മേലായിരിക്കും കേന്ദ്രത്തിന്റെ ഗ്യാരന്റി. കമ്പനി നിയമപ്രകാരം രൂപവത്കരിച്ചതാണ് എന്‍എആര്‍സിഎല്‍ കഴിഞ്ഞ ബജറ്റില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായിരുന്നു.

കമ്പനിയുടെ 51 ശതമാനം ഉടമസ്ഥത പൊതുമേഖലാ ബാങ്കുകള്‍ക്കാണ്. ഇതോടൊപ്പം 'ഇന്ത്യ ഡെറ്റ് റസലൂഷന്‍ കമ്പനി ലിമിറ്റഡും' (ഐഡിആര്‍സിഎല്‍) രൂപവത്കരിച്ചിട്ടുണ്ട്. ആസ്തികള്‍ കൈകാര്യം ചെയ്യാനുള്ള കമ്പനിയാണിത്. വിപണിവിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സഹായത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുക. പൊതുമേഖലാ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും ഇതില്‍ 49 ശതമാനം ഉടമസ്ഥാവകാശം ഉണ്ടാവും.

Related Articles

© 2025 Financial Views. All Rights Reserved