
ന്യൂഡല്‍ഹി: എല്‍പിജി സിലിണ്ടര്‍ വില വര്‍ധന ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിക്കൊണ്ടിരിക്കുമ്പോള്‍ വില വര്‍ധന നേരിടാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളില്ല എന്ന ആക്ഷേപം ശക്തമാണ്. എന്നാല്‍ മറ്റൊരു കൗതുകകരമായ നടപടിയുമായി എത്തുകയാണ് സര്‍ക്കാര്‍. എല്‍പിജി സിലിണ്ടറുകളുടെ ഭാരം കുറച്ചേക്കും എന്നതാണ് ശ്രദ്ധേയമാകുന്നത്.
ഭാരക്കൂടുതല്‍ മൂലം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ ബുദ്ധിമുട്ടായതിനാല്‍ സര്‍ക്കാര്‍ അവയുടെ ഭാരം കുറച്ചേക്കും എന്നാണ് സൂചന. വീട്ടില്‍ എത്തിക്കുന്ന ഗ്യാസ് സിലിണ്ടറുകള്‍ അടുക്കളയിലേക്ക് നീക്കാന്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടാണ്. സിലിണ്ടറിന്റെ ഭാരം കുറച്ചാല്‍ എളുപ്പത്തില്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കാന്‍ ആകും എന്നതാണ് പുതിയ ഇടപെടലിന് പിന്നില്‍.
എന്നാല്‍ പാചക വാതക സിലിണ്ടറുകളുടെ ഭാരം കുറച്ചാല്‍ സിലിണ്ടറുകളുടെ വില കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞേക്കും. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന കണക്കിലെടുത്ത് പാചക വാതക സിലിണ്ടര്‍ വില കാര്യമായി കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്.
14.2 കിലോഗ്രാമിന്റെ പാചക വാതക സിലിണ്ടറുകളാണ് ഇപ്പോള്‍ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്നത്. താരതമ്യേന ഭാരക്കൂടുതലായ ഈ സിലിണ്ടറുകളുടെ ഭാരം കുറച്ചേക്കുമെന്നാണ് സൂചന. സിലിണ്ടറുകളുടെ ഭാരം കുറയ്ക്കാന്‍ വ്യത്യസ്തമായ നപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.14.2 കിലോഗ്രാമില്‍ നിന്ന് 5 കിലോഗ്രാം വരെയായി സിലിണ്ടര്‍ വില കുറച്ചേക്കുമെന്നാണ് സൂചന.
അടുത്തിടെ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില 2000 രൂപ കടന്നിരുന്നു. 19 കിലോഗ്രാ സിലിണ്ടര്‍ വിലയാണ് 2000 രൂപയില്‍ എത്തിയത് . 101.50 രൂപ കൂടിയതോടെ ഹോട്ടലുകളിലും മറ്റും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് തീ വിലയായി. അതേസമയം പാചക വാതക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.