കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ക്ഷാമബത്ത ജൂലൈ മുതല്‍

March 11, 2021 |
|
News

                  കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ക്ഷാമബത്ത ജൂലൈ മുതല്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരവിപ്പിച്ച ക്ഷാമബത്ത ഉള്‍പ്പടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ക്ഷാമബത്ത ജൂലൈ മുതല്‍ വിതരണം ചെയ്യും. ഉയര്‍ന്ന നിരക്കില്‍ ക്ഷാമബത്ത വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മരവിപ്പിച്ച മൂന്ന് ക്ഷാമബത്ത നിരക്കുകളും ഇതിനോടൊപ്പം പുനസ്ഥാപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷാമബത്ത മരവിപ്പിച്ചത്. ജൂലൈ മുതല്‍ ഇത് പുനഃസ്ഥാപിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം മരവിപ്പിച്ച ക്ഷാമബത്താ നിരക്കിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.

ജീവിതച്ചെലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, പണപ്പെരുപ്പ ആഘാതം പരിഹരിക്കുന്നതിനും വില വര്‍ദ്ധനവിനെ നേരിടാന്‍ സഹായിക്കുന്നതിനുമാണ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ക്ഷാമബത്ത നല്‍കുന്നത്. ഓരോ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയുള്ള ക്ഷാമബത്ത നല്‍കി വരുന്നു.

ഓരോ ആറുമാസങ്ങളിലും ക്ഷാമബത്തയില്‍ വര്‍ദ്ധനവുണ്ടാവുന്നു. ജനുവരി-ജൂണ്‍ കാലയളവിലുള്ള വര്‍ദ്ധനവ് ജനുവരി ഒന്നിനും, ജൂണ്‍-ഡിസംബര്‍ കാലയളവിലേക്കുള്ള വര്‍ദ്ധനവ് ജൂലൈ ഒന്നിനും പ്രാബല്യത്തില്‍ വരും. കഴിഞ്ഞ 12 മാസങ്ങളായി അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (എഐസിപിഐ) അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത കണക്കാക്കുന്നത്.

പെന്‍ഷന്‍കാരെ സംബന്ധിച്ചിടത്തോളം ക്ഷാമബത്ത വര്‍ദ്ധിക്കുമ്പോഴെല്ലാം, പ്രതിമാസ പെന്‍ഷനുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ലഭിക്കുന്നതാണ്. നിലവില്‍ സേവനമുനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ദ്ധനവ് പ്രതിമാസ ശമ്പളം വര്‍ദ്ധിക്കുന്നതിനും സഹായകമാവുന്നു. അതായത്, ക്ഷാമബത്ത വര്‍ദ്ധനവ് നിലവിലെയും മുന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും കയ്യില്‍ കൂടുതല്‍ പണം ലഭിക്കാന്‍ ഇടയാക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved