
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 25% ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി തേടുന്നു. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. രാജ്യത്തെ ഏറ്റവും വലിയ ധനകാര്യസ്ഥാപനങ്ങളിലൊന്നായ എല്‍ഐസിയുടെ ഓഹരി വില്‍പ്പനയ്ക്ക് നിയമഭേദഗതി ആവശ്യമാണ്. അതിനുള്ള നടപടികള്‍ക്ക് മോദി സര്‍ക്കാര്‍ നീക്കം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പബ്ലിക് ഇഷ്യുവിന്റെ സമയം ഓഹരി വിപണിയുടെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചേ നിശ്ചയിക്കാനാകൂ. 25% വില്‍ക്കാന്‍ അനുമതി നേടിയാലും ഘട്ടം ഘട്ടമായാവും ഓഹരി വില്‍പ്പന എന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇത്തരം വിഭവസമാഹരണത്തിനപ്പുറം സര്‍ക്കാരിനു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല എന്നാണ് വിലയിരുത്തല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ കോവിഡ് സൃഷ്ടിച്ച ദുരിതങ്ങള്‍ കൂടിയായപ്പോള്‍ പണം കണ്ടെത്താന്‍ പതിറ്റാണ്ടു കൊണ്ടു കെട്ടിപ്പടുത്ത മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍
എല്‍ഐസിയുടെ ഓഹരി വില്‍പ്പനയിലൂടെ നിക്ഷേപസമാഹരണം നടത്തുമെന്ന് കഴിഞ്ഞ ബജറ്റില്‍ തന്നെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ പത്ത് അല്ലെങ്കില്‍ പരമാവധി 15 ശതമാനം ഓഹരി വിറ്റഴിച്ചാല്‍ തന്നെ ആവശ്യത്തിനു വിഭവസമാഹരണം സാധ്യമാകുമെന്നാണ് അന്നു ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി കൂടിയായപ്പോള്‍ കൂടുതല്‍ തുക ആവശ്യമായി വരുന്നതോടെയാണ് 25 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത് എന്നു വേണം കരുതാന്‍.