
സര്‍ക്കാരിന്റെ കൈവശമുള്ള ആക്സിസ് ബാങ്കിന്റെ 1.95 ശതമാനം ഓഹരികള്‍ വിറ്റ് 4,000 കോടി രൂപ സമാഹരിക്കും. ഓഫര്‍ ഫോര്‍ സെയില്‍വഴിയായിരിക്കും വില്പന. ഓഹരിയൊന്നിന് 680 രൂപ നിരക്കില്‍ 3.5 കോടി ഓഹരികളാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. 2018ലെ കണക്കുപ്രകാരം 9.56 ശതമാനം ഓഹരികളായിരുന്നു സര്‍ക്കാരിന് ആക്സിസ് ബാങ്കിലുണ്ടായിരുന്നത്.
2021 മാര്‍ച്ച് 31 ആയപ്പോഴേയ്ക്കും ഇത് 3.45 ശതമാനമായി കുറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആക്സിസ് ബാങ്കിന്റെ ഓഹരി വില 1.32 ശതമാനം താഴ്ന്നു. ഒരുവര്‍ഷത്തിനിടെ 115 ശതമാനമണ് ഓഹരിയിലെ നേട്ടം. നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും ചെറുകിട നിക്ഷേപകര്‍ക്ക് വ്യാഴാഴ്ചയും ഓഹരി വാങ്ങാന്‍ അവസരമുണ്ട്.
പൊതുമേഖലയിലെ കമ്പനികളുടെ ഉള്‍പ്പടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തികവര്‍ഷം 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ട് പൊതുമേഖല ബാങ്കുകളും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കാനും എല്‍ഐസിയുടെ മെഗാ ഐപിഒ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.