
മുംബൈ: ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് ആശ്വാസമേകുന്ന നിലപാടുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ക്രിപ്‌റ്റോകറന്‍സി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും, ഇക്കാര്യത്തില്‍ പരീക്ഷണത്തിന് തയ്യാറാണെന്നും അവര്‍ പറഞ്ഞു.
റിസര്‍വ് ബാങ്കായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എന്നിരുന്നാലും എല്ലാ തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും അവസരമൊരുക്കാനുള്ള നിലപാടാണ് കേന്ദ്രത്തിന്റേതെന്നും അവര്‍ സിഎന്‍ബിസി ടിവി 18 ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പുതിയ സാങ്കേതിക വിദ്യയോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ച് നില്‍ക്കില്ല. അത് അതിവേഗം വികാസം പ്രാപിക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ വളരെയധികം ചിന്തിച്ചായിരിക്കും ഇക്കാര്യത്തില്‍ നിലപാടെടുക്കുക. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാദങ്ങളും വരുന്നുണ്ട്. ലോകം സാങ്കേതികവിദ്യയ്‌ക്കൊപ്പം മുന്നേറുമ്പോള്‍ അത് വേണ്ടെന്ന് ഭാവിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
തങ്ങള്‍ ഡിജിറ്റല്‍ കറന്‍സി വിഷയത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ പറഞ്ഞത്. സാങ്കേതിക വിപ്ലവത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ റിസര്‍വ് ബാങ്കിന് താത്പര്യമില്ല. എന്നാല്‍ ക്രിപ്‌റ്റോകറന്‍സിയുടെ കാര്യത്തില്‍ ആര്‍ബിഐക്ക് ചില സംശയങ്ങള്‍ ദുരീകരിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.