
ന്യൂഡല്‍ഹി: രാജ്യത്തെ ടോള്‍ പ്ലാസകള്‍ അടിമുടി പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളും ജിപിഎസ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് പരിഷ്‌കരിക്കുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് വ്യക്തമാക്കിയിട്ടുള്ളത്. ആഗസ്റ്റ് 11ന് സിഐഐയുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.
രാജ്യത്ത് നിലവില്‍ ജിപിഎസ് ട്രാക്കിംഗ് സംവിധാനമുള്ള ടോള്‍ ബൂത്തുകള്‍ നിവവിലില്ല. അതുകൊണ്ട് ഗതാഗതമന്ത്രാലയം രാജ്യത്ത് ഈ സംവിധാനം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി. രാജ്യത്തെ ടോള്‍ പ്ലാസകള്‍ക്ക് പകരം ജിപിഎസ് അധിഷ്ഠിത ട്രാക്കിംഗ് ടോള്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പുതിയ നയം കൊണ്ടുവരുമെന്ന് കേന്ദ്ര റോഡ് ഗതാഗത & ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ബുധനാഴ്ച പറഞ്ഞു.
ജിപിഎസ് അധിഷ്ഠിത ട്രാക്കിംഗ് സംവിധാനങ്ങളെക്കുറിച്ച് സംസാരിച്ച ഗഡ്കരി, അന്താരാഷ്ട്ര കമ്പനികളില്‍ നിന്ന് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മൂന്ന് മാസത്തിനുള്ളില്‍ ഒരു വ്യക്തമായ നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍, ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് രണ്ട് മണിക്കൂറിനുള്ളില്‍ എത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ഹരിദ്വാറിലേക്ക് രണ്ട് മണിക്കൂറിനുള്ളിലും, രണ്ട് മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗഡിലേക്കും എത്താനുള്ള സൗകര്യമൊരുങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത ആറ് മാസത്തിനുള്ളില്‍, ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് ഒന്നര മണിക്കൂറിനുള്ളില്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ പദ്ധതി നടപ്പിലായാല്‍ രാജ്യത്ത് ഇപ്പോഴത്തെ നിലയിലുള്ള ടോള്‍ ബൂത്തുകള്‍ പ്രവര്‍ത്തനരഹിതമാകും. സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച്, 93 ശതമാനം വാഹനങ്ങളും ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് ടോള്‍ അടയ്ക്കുന്നുണ്ടെങ്കിലും ബാക്കിയുള്ള 7 ശതമാനം ഇരട്ടി ടോള്‍ അടച്ചിട്ടും ഇതുവരെയും ഫാസ്റ്റാഗ് സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.