കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന; ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

November 12, 2020 |
|
News

                  കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന;  ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്. സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമയി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉള്‍പ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് സ്‌കീം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായതും കാമത്ത് സമതി നിര്‍ദേശിച്ചതുമായ സെക്ടറുകളെയാണ് ഇതിനായി പരിഗണിക്കുന്നത്.
 
അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാവുന്ന രീതിയില്‍ ഈട് രഹിത വായ്പയായാണ് അനുവദിക്കുക. ഇതില്‍ ഒരുവര്‍ഷം മൊറട്ടോറിയം കാലാവധിയും നാലുവര്‍ഷം തിരിച്ചടവ് കാലാവധിയുമായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 50 കോടി രൂപമുതല്‍ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാര്‍ച്ച് 31വരെയായകും പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക.

നഗരങ്ങളിലെ ഭവന നിര്‍മാണമേഖലയ്ക്കായി 18,000 കോടിയുടെ അധികതുക അനുവദിച്ചു. 18 ലക്ഷത്തോളം വീടുകളുടെ നിര്‍മാണത്തിനാണ് ഈതുക വിനിയോഗിക്കുക. അതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. രാജ്യത്തെ നികുതി ദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നല്‍കിയതായി മന്ത്രി പറഞ്ഞു. 39.7 ലക്ഷം പേര്‍ക്കാണ് തുക വിതരണം ചെയ്തത്.

ഉത്സവ അഡ്വാന്‍സ് നല്‍കുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാര്‍ഡ് വിതരണംചെയ്തു. മൂലധന ചെലവുകള്‍ക്കായി 3,621 കോടി രൂപ പലിശ രഹിതവായ്പയും അനുവദിച്ചതായി അവര്‍ വിശദീകരിച്ചു. ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 28 സംസ്ഥാനങ്ങളിലായി 68.8 കോടി പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണ്. ഉത്പന്ന നിര്‍മാണ ആനുകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. പത്തുമേഖലകളെക്കൂടി പദ്ധതിക്കുകീഴില്‍ കൊണ്ടുവരികയും അധികതുക അനുവദിക്കുകയുമാണ് ചെയ്തത്.

Related Articles

© 2025 Financial Views. All Rights Reserved