
ന്യൂഡല്‍ഹി: സാങ്കേതികാവശ്യങ്ങള്‍ക്കുള്ള വസ്ത്രങ്ങളുടെ ഉല്‍പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ 1480 കോടി രൂപ മുതല്‍മുടക്കുള്ള യജ്ഞത്തിന് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി. 2020-21 വര്‍ഷം മുതല്‍ 2023-24 വരെയുള്ള നാല് വര്‍ഷങ്ങളിലായിയാണ് പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ബിരുദ, ഗവേഷണ കോഴ്‌സുകള്‍ക്കു പുറമേ, 50,000 പേര്‍ക്ക് സൗജന്യമായി സാങ്കേതിക വസ്ത്ര നിര്‍മാണ മേഖലയില്‍ പരിശീലനം നല്‍കും. 4 വര്‍ഷത്തേക്കുള്ള യജ്ഞം ഇത്തവണത്തെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനമാണ്. കൃഷി, പ്രതിരോധം, റോഡ്, റെയില്‍വേ, ആരോഗ്യരംഗം തുടങ്ങി വിവിധ മേഖലകളില്‍ സാങ്കേതിക വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നു.
വാഹനങ്ങളിലെ എയര്‍ബാഗ്, കണ്‍വെയര്‍ ബെല്‍റ്റ്, വെയിലും മഴയും അധികമായി ഏല്‍ക്കേണ്ടാത്ത വിളകള്‍ക്കുള്ള കൂടാരങ്ങള്‍, സായുധ സേനകള്‍ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ആശുപത്രികളില്‍ ഓപ്പറേഷന്‍ തിയറ്ററിലും മറ്റും ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ തുടങ്ങിയവയും ഈ ഗണത്തില്‍ പെടുന്നു. ബാന്‍ഡേജ്, സ്റ്റെന്റ് തുടങ്ങിയവയുടെയും, റോഡുകളുടെയും റെയില്‍പാതകളുടെയും വിമാനത്താവള റണ്‍വേയുടെയും നിര്‍മാണത്തിലും സാങ്കേതിക വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്, ഇന്ത്യയില്‍നിന്നുള്ള സാങ്കേതിക വസ്ത്ര കയറ്റുമതി മൂല്യം 12,693 കോടിയും, ഇറക്കുമതി 15,481 കോടിയുമാണ്. ഏകദേശം 20.8 ലക്ഷം കോടിയുടേതാണ് ലോക വിപണി. പ്രതിവര്‍ഷം 1.2 ലക്ഷം കോടിയുടേതാണ് ഇന്ത്യയിലെ ഉല്‍പാദനം.അസംസ്‌കൃത വസ്തുക്കള്‍ ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്താണ് ഇന്ത്യയിലെ ഉല്‍പാദനം. ഗവേഷണത്തിലൂടെ അസംസ്‌കൃത വസ്തുക്കളുടെ ഉല്‍പാദനത്തിനുള്ള വിദ്യയും യന്ത്രസാമഗ്രികളും ഇന്ത്യയില്‍ വികസിപ്പിക്കാനാണ് ആലോചന. യജ്ഞത്തിന് അനുവദിച്ചിട്ടുള്ളതില്‍ 1000 കോടിയും ഗവേഷണത്തിനാണ്. പരിശീലനത്തിന് 400 കോടിയുമാണുള്ളത്. സാങ്കേതികവിദ്യ കുറഞ്ഞ നിരക്കില്‍ നല്‍കി ചെറുകിട സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതും ലക്ഷ്യമാണ്.
സാങ്കേതിക വസ്ത്ര നിര്‍മ്മാണത്തിന്റെ ഫലപ്രദമായ ഏകോപനത്തിനും അഭിവൃദ്ധിക്കും വേണ്ടി ഒരു എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിന് രൂപം നല്‍കുന്നുണ്ടെന്നും വിവരമുണ്ട്. പദ്ധതിയ്ക്ക് വേണ്ടിയുള്ള ക്രമീകരണങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുന്നതായി ക്യാബിനറ്റ് യോഗത്തില്‍ കേന്ദ്ര ടെക്‌സ്റ്റയില്‍സ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.