ഊര്‍ജപ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം; കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കോള്‍ ഇന്ത്യയ്ക്ക് നിര്‍ദേശം

June 04, 2022 |
|
News

                  ഊര്‍ജപ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം; കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കോള്‍ ഇന്ത്യയ്ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: വൈദ്യുത ആവശ്യങ്ങള്‍ക്കായി അടുത്ത 13 മാസത്തേയ്ക്ക് 12 മില്യണ്‍ ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. തങ്ങള്‍ക്ക് ആവശ്യമായ കല്‍ക്കരിയുടെ അളവ് കണ്ടെത്തുന്നതിന് സംസ്ഥാനങ്ങളിലെ ഊര്‍ജ്ജ ഉത്പാദക കമ്പനികളും (ജെന്‍കോ) സ്വതന്ത്ര വൈദ്യുതി ഉല്‍പ്പാദകരും ശനിയാഴ്ച ഉച്ചവരെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇറക്കുമതി ഓര്‍ഡറുകള്‍ കോള്‍ ഇന്ത്യ ഉടന്‍ നല്‍കുമെന്നുമാണ് വിവരം. 2015ന് ശേഷം ആദ്യമായാണ് മഹാരത്‌ന സ്ഥാപനം കല്‍ക്കരി ഇന്ധനം ഇറക്കുമതി ചെയ്യുന്നത്.

ഫോസില്‍ ഇന്ധനത്തിന്റെ കുറവ് മൂലം ഏപ്രിലില്‍ ഉണ്ടായ വൈദ്യുതി തകരാര്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ കല്‍ക്കരി ശേഖരം നിര്‍മ്മിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് വ്യവസായ വിദഗ്ധരുടെ അഭിപ്രായപ്പെടുന്നു. മെയ് 31 നകം കല്‍ക്കരി ഇറക്കുമതിക്ക് ഓര്‍ഡര്‍ നല്‍കാതിരിക്കുകയും ജൂണ്‍ 15 നകം ഇറക്കുമതി ചെയ്ത ഇന്ധനം പവര്‍ പ്ലാന്റുകളില്‍ എത്തിത്തുടങ്ങുകയും ചെയ്തില്ലെങ്കില്‍, ഡിഫോള്‍ട്ടര്‍ ജെന്‍കോകള്‍ തങ്ങളുടെ ഇറക്കുമതി 15 എന്ന തോതില്‍ വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മേയ് 18 ന് തന്നെ വൈദ്യുതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കല്‍ക്കരി ക്ഷാമം കാരണം ഏപ്രില്‍ മാസത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി തടസ്സം അഭിമുഖീകരിച്ചിരുന്നു. രാജ്യത്തെ മൊത്തം വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കുന്നതിന് നിരവധി നടപടികള്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്ത് ഗ്യാസ് അധിഷ്ഠിത വൈദ്യുതോല്‍പ്പാദനം ഗണ്യമായി കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

© 2024 Financial Views. All Rights Reserved