നഷ്ടം താങ്ങാന്‍ വയ്യ; ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ആസ്തികള്‍ ലേലത്തിന്

November 22, 2021 |
|
News

                  നഷ്ടം താങ്ങാന്‍ വയ്യ; ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ആസ്തികള്‍ ലേലത്തിന്

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ ആസ്തികള്‍ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രം. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ തന്ത്രപരമായ പുനഃസംഘടനയാണ് ലക്ഷ്യം. ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ആസ്തികള്‍ 970 കോടി രൂപ തറവില നിശ്ചയിച്ചാണ് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ നാല് നഗരങ്ങളിലായുള്ള ഭൂമിയ്ക്കും കെട്ടിടങ്ങള്‍ക്കും 660 കോടി രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. അതേസമയം എംടിഎന്‍എല്ലിന്റെ മൂന്നു നഗരങ്ങളിലുള്ള കെട്ടിടങ്ങള്‍ക്കും ഫ്ളാറ്റുകള്‍ക്കും 310 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്.

ബിഎസ്എന്‍എല്ലിന്റെ ഹൈദരാബാദ്, ഛണ്ഡിഗഡ്, ഭാവ്നഗര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ആസ്തികളാണ് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. എംടിഎന്‍എല്ലിന്റെ വസാരിഹില്‍, മുംബൈ ഗോര്‍ഗാവ് എന്നിവിടിങ്ങളിലെ ആസ്തികളാണ് ലേലം ചെയ്യുക. 52.26 ലക്ഷം മുതല്‍ 1.59 കോടി രൂപവരെ വിലവരുന്ന എംടിഎന്‍എല്ലിന്റെ 20 ഓളം ഫ്ളാറ്റുകളും വിറ്റഴിക്കുന്ന പട്ടികയിലുണ്ട്. ഡിസംബര്‍ 14 നാകും ലേലം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിന് (ദിപം) തന്നെയാകും ലേലത്തിന്റെ ചുമതല. ദിപത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ലേലത്തിന്റെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കുറച്ച് കാലം മുമ്പ് 70,000 കോടി രൂപയുടെ വന്‍തോതിലുള്ള പുനരുജ്ജീവന പാക്കേജ് നല്‍കിയിട്ടും വിശ്വസനീയമായ തിരിച്ചുവരവ് കാഴ്ചവയ്ക്കാന്‍ കമ്പനികള്‍ക്കു കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഉല്‍പ്പാദനക്ഷമമല്ലാത്ത കമ്പനികളുടെ ആസ്തികള്‍ ഘട്ടംഘട്ടമായി വിറ്റഴിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്. അടുത്തിടെ ബിഎസ്എന്‍എല്ലിലെ മുതിര്‍ന്ന ജീവനക്കാര്‍ക്ക് വിആര്‍എസ് അടക്കമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ടെലികോം ഇതര ആവശ്യങ്ങള്‍ക്കു ഭൂമിയടക്കമുള്ള ആസതികള്‍ ഉപയോഗിക്കുന്നതിനു കമ്പനികള്‍ക്കു ചില നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണു നടപടി.

ഭൂമിക്കു പുറമേ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ ടവര്‍ ആസ്തികള്‍ വഴി ധനസമ്പാദനം നടത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ മുമ്പ് ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആറു ലക്ഷം കോടി രൂപയുടെ ആസ്തി ധനസമ്പാദന പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. റോഡുകള്‍, പവര്‍ ട്രാന്‍സ്മിഷന്‍, ഉല്‍പ്പാദനം, ഗ്യാസ് പൈപ്പ് ലൈനുകള്‍, വെയര്‍ഹൗസിങ്, റെയില്‍വേ, ടെലികോം, 25 വിമാനത്താവളങ്ങള്‍, ഒമ്പത് പ്രധാന തുറമുഖങ്ങളിലെ 31 പദ്ധതികള്‍, കല്‍ക്കരി, ധാതു ഖനനം, സ്പോര്‍ട്സ് സ്റ്റേഡിയം, കോളനികളുടെ പുനര്‍വികസനം എന്നിവയാണ് ഇത്തരത്തില്‍ കണ്ടെത്തിയിരിക്കുന്ന ആസ്തികള്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved