
ന്യൂഡല്‍ഹി: രാജ്യത്തെ 163,000 ബിസിനസ്സ് സ്ഥാപനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) രജിസ്‌ട്രേഷന്‍ റദ്ദാക്കി സര്‍ക്കാര്‍. വ്യാജ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും വ്യാജമായി ഇന്‍പുട്ട് ടാക്‌സ് നേടുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ആറ് മാസത്തിലധികമായി ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാത്ത ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെയാണ് പുതിയ സര്‍ക്കാര്‍ നീക്കം. ആയിരക്കണക്കിന് കോടി രൂപയുടെ ക്രെഡിറ്റാണ് ഇത്തരത്തിലുള്ള കമ്പനികള്‍ നേട്ടമുണ്ടാക്കിയെന്നാണ് കരുതുന്നത്.
വ്യാജ സ്ഥാപനങ്ങളുടെയും സര്‍ക്കുലര്‍ ട്രേഡിംഗ് സ്ഥാപനങ്ങളും ഉയര്‍ത്തുന്ന ഭീഷണി കൈകാര്യം ചെയ്യുന്നതിനായി കഴിഞ്ഞ ആറ് മാസമായി ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്ത കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 1,63,042 ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ ജിഎസ്ടി അധികൃതര്‍ റദ്ദാക്കിയതായി ധനമന്ത്രാലയത്തിലെ അധികൃതര്‍ അറിയിച്ചുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആറുമാസത്തിലേറെയായി ജിഎസ്ടിആര്‍ -3 ബി റിട്ടേണ്‍ സമര്‍പ്പിക്കാത്ത ഈ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കെല്ലാം ആദ്യം റദ്ദാക്കല്‍ നോട്ടീസ് നല്‍കി, തുടര്‍ന്ന് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമമനുസരിച്ച് അവരുടെ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കി, 'ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എല്ലാ മാസവും ഒരു രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ഫയല്‍ ചെയ്യുന്ന ബിസിനസ്സ് ഇടപാടുകളുടെ സംഗ്രഹ പ്രസ്താവനയാണ് ജിഎസ്ടിആര്‍ -3 ബി.
അഹമ്മദാബാദ് മേഖലയില്‍ മാത്രം 11,048 കമ്പനികളുടെ ജിഎസ്ടി രജിസ്‌ട്രേഷനാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ റദ്ദാക്കിയത്. ആറുമാസത്തിലേറെയായി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ ജിഎസ്ടി നികുതിദായകരുടെ കാര്യത്തില്‍ ചെന്നൈ മേഖലയില്‍ ഇതുവരെ 19,586 കമ്പനികളുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ സ്വമേധയാ റദ്ദാക്കി.
2020 ഡിസംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ ജിഎസ്ടിആര്‍ -3 ബി റിട്ടേണ്‍ സമര്‍പ്പിക്കാത്ത 28,635 രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (ഡിജിജിഐ), കേന്ദ്ര ജിഎസ്ടി കമ്മീഷണറേറ്റുകള്‍ എന്നിവര്‍ ഇതുവരെ നാല് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ഒരു സ്ത്രീയും ഉള്‍പ്പെടെ 132 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സമയത്ത് ശരിയായ വിശദാംശങ്ങള്‍ നല്‍കാത്ത പുതുതായി രജിസ്റ്റര്‍ ചെയ്ത കമ്പനികളെയും ജിഎസ്ടി നിരീക്ഷിച്ച് വരികയാണ്.