
ന്യൂഡല്‍ഹി: അതിവേഗം പടരുന്ന കൊറോണ വൈറസിനെ ചെറുക്കുന്നതിനാവശ്യമായ ശുചിത്വ ഉല്‍പന്നങ്ങളുടെ വില നിയന്ത്രിച്ച് സര്‍ക്കാര്‍. വ്യക്തിഗത പരിചരണത്തിനും മറ്റ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും ആവിശ്യമായി വരുന്ന ഉല്‍പ്പന്നങ്ങളുടെ നിരക്ക് താങ്ങാനാവുന്ന തരത്തിലാക്കാന്‍ സര്‍ക്കാരും സ്വകാര്യമേഖലയും നടപടികള്‍ സ്വീകരിക്കുന്നു. ലൈഫ് ബോയ്, ഡൊമെക്‌സ് ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില നിശ്ചയിച്ചു.
200 മില്ലി ഹാന്‍ഡ് സാനിറ്റൈസര്‍ കുപ്പിയുടെ വില 100 രൂപയാക്കി നിശ്ചയിച്ചു. മറ്റ് പായ്ക്കുകളുടെ വലുപ്പത്തിനനുസരിച്ച് ഹാന്‍ഡ് സാനിറ്റൈസറുകളുടെ വിലയും ഇതുമായി പൊരുത്തപ്പെടുമെന്ന് ഉപഭോക്തൃ കാര്യമന്ത്രി രാം വിലാസ് പാസ്വാന്‍ വെള്ളിയാഴ്ച ട്വീറ്റില്‍ പറഞ്ഞു. അതുപോലെ, 2 പ്ലൈ (സര്‍ജിക്കല്‍) മാസ്‌കിന്റെ വില 8 രൂപയും 3 പ്ലൈ (സര്‍ജിക്കല്‍) മാസ്‌കിന്റെ വില 10 രൂപയാണ്. ജൂണ്‍ 30 വരെ വില പരിധി പ്രാബല്യത്തിലായിരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരം സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും വില കൃത്രിമത്വവും തടയുന്നതിന് ഈ മാസം ആദ്യം സര്‍ക്കാര്‍ സാനിറ്റൈസറുകളും മാസ്‌കുകളും ''ആവശ്യവസ്തുക്കള്‍'' ആയി പ്രഖ്യാപിച്ചിരുന്നു. ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ആള്‍ക്കഹോളിനും വില പരിധി തീരുമാനിച്ചിട്ടുണ്ട്.
പേഴ്സണല്‍ കെയര്‍, ഗാര്‍ഹിക ശുചിത്വ ബ്രാന്‍ഡുകളായ ലൈഫ് ബോയ് സാനിറ്റൈസര്‍, ലിക്വിഡ് ഹാന്‍ഡ് വാഷ്, ഡൊമെക്‌സ് ഫ്‌ലോര്‍ ക്ലീനര്‍ എന്നിവയുടെ വില 15 ശതമാനം കുറയ്ക്കുന്നതായി എച്ച്യുഎല്‍ പ്രത്യേക പ്രഖ്യാപനത്തില്‍ അറിയിച്ചു. വിലകുറഞ്ഞ ഈ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം ഞങ്ങള്‍ ഉടനടി ആരംഭിക്കുകയാണെന്നും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇവ വിപണിയില്‍ ലഭ്യമാകുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന നിക്ഷേപ ചെലവ് ലഘൂകരിക്കുന്നതിനായി എച്ച്യുഎല്‍ അതിന്റെ സോപ്പ് ബ്രാന്‍ഡുകളായ ലക്‌സ്, ലൈഫ് ബോയ്, ഡൗവ്, ഹമാസ്, ലിറില്‍, പിയേഴ്‌സ് എന്നിവയുടെ വില 5 ശതമാനം മുതല്‍ 6 ശതമാനം വരെ ഉയര്‍ത്തി. വിപണിയില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി എച്ച്യുഎല്‍ ലൈഫ് ബോയ് സാനിറ്റൈസര്‍, ലൈഫ് ബോയ് ഹാന്‍ഡ് വാഷ് ലിക്വിഡ്, ഡൊമെക്‌സ് ഫ്‌ലോര്‍ ക്ലീനര്‍ എന്നിവയുടെ ഉല്‍പാദനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വരും ആഴ്ചകളില്‍ ഇത് കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഒപ്പം ഇന്ത്യയ്ക്ക് മാരകമായ കൊറോണ വൈറസിനെതിരെ പോരാടുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയ്യുന്നെന്നും എച്ച് യു എല്‍ പറഞ്ഞു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 20 മില്യണ്‍ ലൈഫ് ബോയ് സോപ്പുകള്‍ ഏറ്റവും ആവശ്യമുള്ള സമൂഹത്തിലെ വിഭാഗങ്ങള്‍ക്ക് സംഭാവന ചെയ്യുമെന്ന് കമ്പനി അറിയിച്ചു. എഫ്എംസിജി കമ്പനി മെഡിക്കല്‍ സ്ഥാപനങ്ങളുമായി പങ്കാളികളാകുകയും അവര്‍ക്ക് ശുചിത്വ ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കുകയും ചെയ്യും. പരിശോധനാ കേന്ദ്രങ്ങളിലും ആശുപത്രികളിലും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ നവീകരിക്കുന്നതിന് എച്ച്യുഎല്‍ 10 കോടി രൂപ സംഭാവന ചെയ്യും.