
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ (എല്‍ഐസി) 20 ശതമാനം വരെ വിദേശ സ്ഥാപന നിക്ഷേപം (എഫ്‌ഐഐ) അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന) ആയി കണക്കാക്കപ്പെടുന്നതാണ് എല്‍ഐസിയുടേത്. ഓഹരി വില്‍പ്പനയില്‍ നിന്ന് 90,000 കോടി (12.24 ബില്യണ്‍ ഡോളര്‍) വരെ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖല ഓഹരി വില്‍പ്പന-സ്വകാര്യവല്‍ക്കരണ പദ്ധതിയില്‍ നിന്ന് 1.75 ട്രില്യണ്‍ രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ്, ജെപി മോര്‍ഗന്‍, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് തുടങ്ങിയ 10 നിക്ഷേപ ബാങ്കുകളെയാണ് പ്രാഥമിക ഓഹരി വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍ഐസി തെരഞ്ഞെടുത്തത്. എല്‍ഐസിയുടേത്, രാജ്യത്തെ ഏറ്റവും വലിയ ലിസ്റ്റിംഗ് ആയിരിക്കുമെന്നാണ് ബ്ലൂംബെര്‍ഗ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള നാലാം പാദത്തില്‍ ഐപിഒ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി എല്ലാ പ്രധാന ആഗോള ധനകാര്യ കേന്ദ്രങ്ങളിലും വരും മാസങ്ങളില്‍ റോഡ്‌ഷോകള്‍ നടക്കുമെന്നും റീട്ടെയില്‍ നിക്ഷേപകരെയും ജീവനക്കാരെയും കമ്പനിയില്‍ നിക്ഷേപിക്കാന്‍ ക്ഷണിച്ചുകൊണ്ട് എല്‍ഐസിയുടെ ഭാ?ഗത്ത് നിന്ന് എല്ലാ പ്രചാരണ ശ്രമങ്ങളും ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 34 ട്രില്യണ്‍ രൂപ (461.4 ബില്യണ്‍ ഡോളര്‍) ആസ്തിയുള്ള എല്‍ഐസിക്ക് സിംഗപ്പൂരില്‍ ഒരു അനുബന്ധ സ്ഥാപനമുണ്ട്, ബഹ്‌റൈന്‍, കെനിയ, ശ്രീലങ്ക, നേപ്പാള്‍, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ സംയുക്ത സംരംഭങ്ങളും ഉണ്ട്.
നിയമ സ്ഥാപനങ്ങളില്‍ നിന്ന് മതിയായ പ്രതികരണം ലഭിക്കുന്നതില്‍ ആദ്യ ടെണ്ടര്‍ പരാജയപ്പെട്ടതിനാല്‍ എല്‍ഐസി ഐപിഒയെ സഹായിക്കാന്‍ നിയമ ഉപദേഷ്ടാവിനെ നിയമിക്കാനുള്ള നിര്‍ദ്ദേശം (ആര്‍എഫ്പി) സര്‍ക്കാര്‍ അടുത്തിടെ വീണ്ടും സമര്‍പ്പിച്ചു. നിയമ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ 16 നകം ബിഡ് സമര്‍പ്പിക്കേണ്ടതുണ്ട്. അടുത്ത ദിവസം ബിഡ്ഡുകള്‍ തുറക്കും.