പുതുക്കിയ ശമ്പളവും പെന്‍ഷനും ഈ മാസം തന്നെ ലഭിക്കും

March 22, 2021 |
|
News

                  പുതുക്കിയ ശമ്പളവും പെന്‍ഷനും ഈ മാസം തന്നെ ലഭിക്കും

തിരുവനന്തപുരം: അടുത്ത മാസം ലഭിക്കേണ്ട ക്ഷേമ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അടുത്ത മാസം ആറിനാണ് നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിന് മുമ്പ് ശമ്പളവും ക്ഷേമ പെന്‍ഷനുകളും വിതരണം ചെയ്യാനാണ് ആലോചന. ധനവകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ധനമന്ത്രി തോമസ് ഐസക് വിളിച്ചു ചേര്‍ത്തു. അടുത്ത മാസത്തെ ക്ഷേമ പെന്‍ഷന്‍ വിഷുവിന് മുമ്പ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. അതാണ് ഈ മാസം നല്‍കാമെന്ന് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അടുത്ത മാസം പുതുക്കിയ ശമ്പളമാണ് ലഭിക്കുക. അതുകൊണ്ടുതന്നെ ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കിലെ സെറ്റിങ്സില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിന്റെ നടപടികള്‍ ആരംഭിച്ചു. വോട്ടെടുപ്പിന് മുമ്പ് ശമ്പളം പൂര്‍ണമായി വിതരണം ചെയ്യാനാണ് ശ്രമം. ശമ്പള വിതരണത്തിന് വേണ്ടി ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനത്തിലും ട്രഷറി തുറന്നുപ്രവര്‍ത്തിക്കും.

ഈ മാസം അവസാനത്തോടെയാണ് ക്ഷേമ പെന്‍ഷനുകള്‍ കൈയ്യില്‍ കിട്ടുക. രണ്ടു മാസത്തേത് ഒരുമിച്ചെത്തുമ്പോള്‍ 3000 രൂപയ്ക്ക് മുകളിലുണ്ടാകും. ശമ്പള വിതരണ സോഫ്റ്റ് വെയറില്‍ ചില തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു. പുറത്തുനിന്നുള്ള ഐടി വിദഗ്ധരുടെ സഹായത്തോടെയാണ് പരിഹരിക്കുന്നത്.

അടുത്ത മാസത്തെ ശമ്പളം ആദ്യ പ്രവൃത്തിദനത്തില്‍ തന്നെ നല്‍കിത്തുടങ്ങും. പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ അവധികള്‍ വരുന്നുണ്ട്. ഇത് കാരണമായി ശമ്പള വിതരണവും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള പണത്തിന്റെ വിതരണവും തടസപ്പെടാതിരിക്കാനാണ് ഈ ദിവസങ്ങളില്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. ആഘോഷവുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രം അവധി നല്‍കാനും ധാരണയായിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved