
ന്യൂഡല്‍ഹി: ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. റിസര്‍വ് ബാങ്ക് ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പം എത്തിക്കാന്‍കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ പണപ്പെരുപ്പം ഉയരുന്നതില്‍ സാമ്പത്തിക വിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
അവശ്യവസ്തുക്കളുടെ വിലയേയും അവയുടെ വിതരണത്തേയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വൈകാതെ പണപ്പെരുപ്പം സുരക്ഷിതമായ അവസ്ഥയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പുതിയ ആദായ നികുതി പോര്‍ട്ടലിന്റെ പ്രശ്‌നങ്ങള്‍ വൈകാതെ പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലൈയില്‍ ഉയര്‍ന്നിരുന്നു. 5.59 ശതമാനമായിരുന്നു ജൂലൈയിലെ പണപ്പെരുപ്പം. ഇത് നാല് ശതമാനത്തില്‍ നിര്‍ത്താനായിരുന്നു ആര്‍.ബി.ഐ ലക്ഷ്യം. അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.