
തിരുവനന്തപുരം: സംസ്ഥാനത്ത് ബവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യ വില്‍പനശാലകള്‍ വഴി വില്‍ക്കുന്ന വിദേശ നിര്‍മിത വിദേശ മദ്യ (എഫ്എംഎഫ്എല്‍)ത്തിന്റെ വില്‍പന വില കൂട്ടി. ഇന്നലെ ഉച്ച മുതല്‍ പുതിയ വിലയ്ക്കാണ് വില്‍പന നടന്നത്. അതേസമയം, ബവ്‌റിജസ് കോര്‍പറേഷന്‍ സിഎംഡി അറിയാതെയാണു പുതിയ വിലവിവരപ്പട്ടിക മദ്യവില്‍പനശാലകളിലെത്തിയത്. വ്യത്യസ്ത ലാഭവിഹിതങ്ങളുടെ അടിസ്ഥാനത്തില്‍ ബവ്‌കോയിലെ ഐടി വിഭാഗം കണക്കുകൂട്ടിയ വര്‍ക്ക് ഷീറ്റാണ് പുതിയ വിലവിവരപ്പട്ടികയെന്ന നിലയ്ക്കു താഴേക്കു പോയതെന്നാണു കരുതുന്നതെന്നും അംഗീകരിക്കാത്ത പട്ടിക എങ്ങനെ നല്‍കിയെന്നത് അന്വേഷിക്കുമെന്നും സിഎംഡി യോഗേഷ് ഗുപ്ത പറഞ്ഞു.
അതേസമയം, വിലവര്‍ധന പിന്‍വലിക്കാന്‍ നിര്‍ദേശിച്ചെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പുതിയ വിലവിവരപ്പട്ടിക ഇന്നലെ രാവിലെയാണു മദ്യശാലകളിലെത്തിയത്. പുതിയ വില കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശേഷം ഉച്ചയോടെ വില്‍പന ആരംഭിച്ചു. 450 രൂപ മുതല്‍ മുകളിലേക്കാണു വില വര്‍ധിച്ചത്. 1800 രൂപയ്ക്കു വിറ്റിരുന്ന ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡിയുടെ വില 2270 രൂപയും 2560 രൂപയ്ക്കു വിറ്റിരുന്ന ടീച്ചേഴ്‌സ് വിസ്‌കിയുടെ വില 3250 രൂപയുമായി മാറി. 5440 രൂപയുണ്ടായിരുന്ന ഷിവാസ് റീഗല്‍ 6870 രൂപയ്ക്കും 4830 രൂപയുടെ ബ്ലാക്ക് ലേബല്‍ 6110 രൂപയ്ക്കുമാണ് ഇന്നലെ വിറ്റത്. 1990 രൂപയുടെ ഗ്ലെന്‍ഗാരി വിസ്‌കിയുടെ പുതിയ വില 2510 രൂപയാണ്. അബ്‌സല്യൂട്ട് വോഡ്കയുടെ വില 2220ല്‍ നിന്നു 3350 ആയി.
വിവിധ നികുതി നിരക്കും ലാഭവിഹിതവും അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ക് ഷീറ്റുകള്‍ ഐടി വിഭാഗം തയാറാക്കാറുണ്ടെന്നും അതിലൊന്നാകാം പുറത്തുപോയതെന്നുമാണു ബവ്‌കോയുടെ വിശദീകരണം. ഇതേക്കുറിച്ച് അന്വേഷിക്കും. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബീയര്‍, വൈന്‍ എന്നിവയുടെ വില്‍പനയിലൂടെ പ്രതിവര്‍ഷം 15000 കോടി രൂപയുടെ വിറ്റുവരവ് ബവ്‌കോ നേടുമ്പോള്‍, 30 കോടി രൂപ മാത്രമാണ് എഫ്എംഎഫ്എല്‍ വഴിയുള്ള വരുമാനം. കേരള വിപണയില്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി, ഐഎംഎഫ്എലിനെ അപേക്ഷിച്ച് നികുതിയിളവ് എഫ്എംഎഫ്എലിനു നല്‍കിയിട്ടുണ്ട്. ഇതിനെതിരെ ഐഎംഎഫ്എല്‍ കമ്പനികള്‍ സര്‍ക്കാരിനെയും കോടതിയെയും സമീപിച്ചിരുന്നു.