
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ലേലത്തിന് ബിഡ് സമര്‍പ്പിക്കാനുളള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. കോവിഡ്-19 പശ്ചാത്തലത്തില്‍ ആഗോളതലത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ രണ്ടു മാസം കൂടെയാണ് ലേലത്തിനുള്ള കാലാവധി സര്‍ക്കാര്‍ നീട്ടിയിരിക്കുന്നത്. ഒക്ടോബര്‍ 30 ലേക്കാണ് എയര്‍ ഇന്ത്യയുടെ ലേലത്തിനായുള്ള അവസാന തിയതി നീട്ടിയിരിക്കുന്നത്.
ഇത് നാലാം തവണയാണ് ലേലത്തിനുള്ള താല്‍പര്യ പത്രം സമര്‍പ്പിക്കാനുള്ള അവസാന തിയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടുന്നത്. ജനുവരി 27 നാണ് ദേശീയ വിമാനക്കമ്പനിയുടെ ലേലം സംബന്ധിച്ച പ്രക്രിയ സര്‍ക്കാര്‍ ആരംഭിച്ചത്. ജനുവരിയില്‍ ഇഒഐ (EXPRESSION OF INTEREST) ഇഷ്യു ചെയ്യുമ്പോള്‍, ബിഡ്ഡുകളുടെ അവസാന തീയതി മാര്‍ച്ച് 17 ആയിരുന്നു, പിന്നീട് ഇത് ഏപ്രില്‍ 30 വരെ നീട്ടി. അതിന് ശേഷം ജൂണ്‍ 30 വരെയും അവസാനമായി ഓഗസ്റ്റ് 31 വരെയും നീട്ടുകയായിരുന്നു.
ഇതാണ് ഇപ്പോള്‍ ഒക്ടോബര്‍ 30 ലേക്ക് നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇതോടെ കാരിയറിനായി ഓഫര്‍ സമര്‍പ്പിക്കാന്‍ രണ്ട് മാസം കൂടി സമയം ലഭിക്കും. കൊറോണ പ്രതിസന്ധി കാരണം ലോകമെമ്പാടുമുള്ള ഏവിയേഷന്‍ മേഖല കടുത്ത പ്രതിസന്ധിയിലായതിനാല്‍ ഓഗസ്റ്റ് 30 എന്ന സമയ പരിധി നീളാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
കൊവിഡ്-19 പ്രതിസന്ധി ലോകത്തെയാകെ ലോക്ക്ഡൗണിലേക്ക് നയിച്ചത് രാജ്യാന്തര ഫ്‌ലൈറ്റുകള്‍ ഉള്‍പ്പെടെ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്യാന്‍ ഇടയാക്കി. ഇതോടെ ഈ മോഖലയില്‍ വരുമാന നഷ്ടവും തൊഴില്‍ നഷ്ടവും വളരെ വ്യാപകമാണ്. 2018 ല്‍ എയര്‍ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരിയും വില്‍ക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യയിലെ മുഴുവന്‍ ഓഹരികളും വില്‍ക്കാനുള്ള പദ്ധതി ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈന്‍ വിപണിയിലെ മത്സരത്തിന് ഒപ്പം എത്താന്‍ എയര്‍ ഇന്ത്യയ്ക്കു കഴിയാതായതോടെയാണ് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. പത്തു വര്‍ഷത്തിലേറെയായി ദേശീയ വിമാനക്കമ്പനിയുടെ സര്‍വീസ് നഷ്ടത്തിലാണ്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) 52.98 ശതമാനം ഓഹരികള്‍ക്കായി ബിഡ് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള സമയവും സെപ്റ്റംബര്‍ 30 ലേക്ക് നീട്ടിയിട്ടുണ്ട്.