
ന്യൂഡല്‍ഹി: ഐപിഒക്കൊരുങ്ങുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാനങ്ങളിലൊന്നായ എല്‍ഐസിയുടെ ചെയര്‍മാന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. എല്‍ഐസിയുടെ ഓഹരി വിപണിയിലെ ലിസ്റ്റിങ്ങിന് ബുദ്ധിമുട്ടുകളുണ്ടാവാതിരിക്കാന്‍ ചെയര്‍മാന്റെ കാലാവധി ഒരു വര്‍ഷം നീട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ എം.ആര്‍ കുമാര്‍ ഒരു വര്‍ഷം കൂടി എല്‍ഐസിയുടെ തലപ്പത്ത് തുടരും. മാനേജിങ് ഡയറക്ടര്‍മാരിലൊരാളായ രാജ് കുമാറിന്റെ കാലാവധിയും ഒരു വര്‍ഷം നീട്ടി നല്‍കിയിട്ടുണ്ട്.
2023 മാര്‍ച്ച് വരെ എം.ആര്‍ കുമാര്‍ എല്‍ഐസി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് രണ്ടാം തവണയാണ് എല്‍ഐസി ചെയര്‍മാന്റെ കാലാവധി നീട്ടി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹത്തിന്റെ കാലാവധി ഒമ്പത് മാസം നീട്ടിയിരുന്നു. ഈ വര്‍ഷം എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാര്‍ച്ച് 13ന് കാലാവധി അവസാനിക്കാനിരിക്കെയാണ് എല്‍ഐസി ചെയര്‍മാനോട് ഒരു വര്‍ഷം കൂടി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാറിന് 100 ശതമാനം ഓഹരിപങ്കാളിത്തമുള്ള എല്‍ഐസിയുടെ ഐപിഒ വഴി 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് പദ്ധതി.