
ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന് പിഴയിട്ട് സര്‍ക്കാര്‍. ഔദ്യോഗിക ഉത്തരവ് പ്രകാരം ആമസോണില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദിപ്പിക്കപ്പെട്ട രാജ്യം ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിനാണ് പിഴയിട്ടത്. ഇത്തരം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഉപഭോക്തൃ കാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഇ-കൊമേഴ്സ് രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.
എല്ലാ ഇ-കൊമേഴ്സ് സ്ഥാപനങ്ങളും ലീഗല്‍ മെട്രോളജി (പാക്കേജുചെയ്ത ചരക്കുകള്‍) നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 19 ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ആമസോണിന് പിഴ ചുമത്തുകയായിരുന്നു.
ആദ്യ കുറ്റകൃത്യമെന്ന നിലയില്‍ നിയമം അനുസരിച്ച് 25000 രൂപയാണ് പിഴയിട്ടതെന്നാണ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഫ്‌ലിപ്പ്കാര്‍ട്ടിന് പിഴയിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ സംഭവത്തില്‍ ആമസോണുമായി ഇമെയിലില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.
2011ലെ ലീഗല്‍ മെട്രോളജി ചട്ടങ്ങള്‍ പ്രകാരം ആവശ്യമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ചില ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ വിലയും ഉല്‍പ്പാദിപ്പിക്കപ്പെട്ട വസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം കഴിഞ്ഞ മാസം നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ഇ-കൊമേഴ്സ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍, ഇലക്ട്രോണിക് നെറ്റ്വര്‍ക്കില്‍ എല്ലാ വിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ആമസോണ്‍ ഡവലപ്‌മെന്റ് സെന്റര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.