കൊവിഡ് ദുരിതാശ്വാസ സാമഗ്രികളുടെ ഇറക്കുമതിക്കുള്ള ഐജിഎസ്ടി ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍

May 04, 2021 |
|
News

                  കൊവിഡ് ദുരിതാശ്വാസ സാമഗ്രികളുടെ ഇറക്കുമതിക്കുള്ള ഐജിഎസ്ടി ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നിന്ന് സൗജന്യ വിതരണത്തിനായി ഇറക്കുമതി ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികള്‍ക്കുള്ള ഐജിഎസ്ടി ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 30 വരെയുള്ള ഇറക്കുമതികള്‍ക്കാണ് ഇളവ്. ഐജിഎസ്ടിയില്‍ നിന്ന് ഇളവ് തേടി വിദേശത്തുള്ള ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇളവുകള്‍ ഇതിനകം ഇറക്കുമതി ചെയ്തതും എന്നാല്‍ കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതുമായ മുഴുവന്‍ സാധനങ്ങള്‍ക്കും ബാധകമാവുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളും വാക്സിനുകളും നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ നേരത്തെതന്നെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. റെംഡെസിവിര്‍ ,മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, ഓക്‌സിജന്‍ തെറാപ്പിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളായ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ക്രയോജനിക് ട്രാന്‍സ്‌പോര്‍ട്ട് ടാങ്കുകള്‍, കോവിഡ് വാക്‌സിനുകള്‍ എന്നിവയ്ക്കുള്ള ഇറക്കുമതി തീരുവയാണ് ഒഴിവാക്കിയത്.വ്യക്തിഗത ഉപയോഗത്തിനായി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ഐജിഎസ്ടി നിരക്കും കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ 28 ശതമാനത്തില്‍ നിന്ന് കുറച്ചിരുന്നു. ജൂണ്‍ 30 വരെ രണ്ട് മാസത്തേക്കാണ് കുറച്ചത്.

അതേസമയം രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,68,147 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, കര്‍ണാടക,കേരളം,ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, പശ്ചിമബംഗാള്‍,ആന്ധ്ര പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.78% വും.ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 34,13,642ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 17.13% ആണ്.

Read more topics: # ഐജിഎസ്ടി, # IGST,

Related Articles

© 2025 Financial Views. All Rights Reserved