
ന്യൂഡല്‍ഹി: മത്സ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനായി 20,050 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. ഇതുവരെ പ്രഖ്യാപിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുള്ള പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന (പിഎംഎംഎസ്വൈ) എന്ന ഈ സുപ്രധാന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച ലോക്സഭയെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'നീല വിപ്ലവത്തിന്' കീഴില്‍ 2015-16 മുതല്‍ 2019-20 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് ഫിഷറീസ് സംയോജിത വികസനത്തിനും മാനേജ്മെന്റിനുമായി 2,577.49 കോടി രൂപ അനുവദിച്ചിരുന്നതായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര പരിപാലന മന്ത്രി പര്‍ഷോത്തം രൂപാല പറഞ്ഞു.
2015-16 മുതല്‍ 2019-20 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് നീലവിപ്ലവം: മത്സ്യബന്ധനത്തിന്റെ സംയോജിത വികസനവും പരിപാലനവും എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും, ഇത് 2020 മാര്‍ച്ച് 31ന് അവസാനിച്ചതായും മന്ത്രി പറഞ്ഞു. പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയുടെ വികസനത്തിനായി 2,577.49 കോടി രൂപയുടെ കേന്ദ്ര ധനസഹായം അനുവദിച്ചിട്ടുണ്ട്.