
ന്യൂഡല്‍ഹി: ഐഐടി ഡല്‍ഹിയില്‍ നിന്ന് വികസിപ്പിച്ച കൊവിഡ് 19 ടെസ്റ്റ് കിറ്റ് വിപണിയിലേക്ക്. 399 രൂപയ്ക്ക് പൊതുവിപണിയില്‍ കിറ്റ് ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ ഈ നീക്കം വളരെയേറെ ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെയും അനുമതി ലഭിച്ചിട്ടുണ്ട്. കൊറോഷുവര്‍ എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്. ന്യൂടെക് മെഡിക്കല്‍ ഡിവൈസസാണ് വാണിജ്യാടിസ്ഥാനത്തില്‍ കിറ്റ് ഉല്‍പ്പാദിപ്പിക്കുക. ഐഐടി ഡല്‍ഹിയില്‍ നിന്ന് ലൈസന്‍സ് നേടിയ ശേഷമായിരിക്കും ഇത്.
അടുത്ത മാസത്തോടെ 20 ലക്ഷം കിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ശ്രമം. അടിസ്ഥാന വില 399 രൂപയായിരിക്കുമെന്ന് ഐഐടി ഡല്‍ഹി അധികൃതര്‍ വ്യക്തമാക്കി. ആര്‍എന്‍എ ഐസൊലേഷന്റെയും ലബോറട്ടി ചാര്‍ജ്ജും കൂട്ടിയാലും ടെസ്റ്റിന്റെ വില തുച്ഛമായിരിക്കും. നിലവില്‍ വിപണിയില്‍ ലഭ്യമായ കിറ്റുകളെ അപേക്ഷിച്ച് ഐഐടി ഡല്‍ഹിയുടെ കിറ്റിന് കൂടുതല്‍ സ്വീകാര്യതയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.