ക്രിപ്റ്റോ മൈനിംഗ്, ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ ജിഎസ്ടിക്ക് കീഴില്‍; 18 ശതമാനം ജിഎസ്ടി

February 17, 2022 |
|
News

                  ക്രിപ്റ്റോ മൈനിംഗ്, ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ ജിഎസ്ടിക്ക് കീഴില്‍; 18 ശതമാനം ജിഎസ്ടി

ക്രിപ്റ്റോ കറന്‍സികളുടെ മൈനിംഗ്, ട്രേഡിംഗ് എന്നിവയ്ക്കുള്ള സൗകര്യമൊരുക്കുന്ന പ്ലാറ്റ്ഫോമുകളെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിഷയം അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. നിലവില്‍ വിഷയം കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡിന്റെ( സിബിഐസി) പരിഗണനയിലാണ്. സിബിഐസി ആണ് വിഷയം ജിഎസ്ടി ലോ കമ്മിറ്റിക്ക് കൈമാറേണ്ടത്.

ഒരു മാസത്തിനുള്ളില്‍ വിഷയവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് സിബിഐസി ചെയര്‍മാന്‍ വിവേക് ജോഹ്റി അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്റ്റോയെ ഒരു സേവന മേഖയായി പരിഗണിക്കുന്നത് കൊണ്ട് 18 ശതമാനം ജിഎസ്ടി ആകും ഏര്‍പ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു. സാധന-സേവനങ്ങള്‍ക്ക് പണത്തിന് പകരം ക്രിപ്റ്റോ നല്‍കുന്ന വേളയിലും ജിഎസ്ടി ബാധകമായേക്കും.

ഇത് ആദ്യമായാണ് വ്യക്തമായ നിയമങ്ങള്‍ പോലുമില്ലാത്ത ഒരു മേഖലയിലെ നികുതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം സിബിഐസിയെ ചുമതലപ്പെടുത്തുന്നത്. ഇതിന് സമാനമായ രീതിയിലാണ് 2022-23 ബജറ്റില്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ ക്രിപ്റ്റോ കറന്‍സികള്‍ക്ക് നികുതി പ്രഖ്യാപിച്ചത്. ക്രിപ്റ്റോ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്ഥികള്‍ക്ക് 30 ശതമാനം നികുതിയും ഒരു ശതമാനം ടിഡിഎസുമാണ് കേന്ദ്രം ഏര്‍പ്പെടുത്തിയത്.

ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കുന്നതാണ് നല്ലതെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രബി ശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ക്രിപ്റ്റോയില്‍ നിന്ന് നിക്ഷേപകരും സംരംഭകരും ഉണ്ടാക്കുന്ന നേട്ടത്തിന്റെ പങ്ക് പരമാവധി നേടിയെടുക്കുന്ന എന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. അതിന് ഉദാഹരണമാണ് നിയമങ്ങള്‍ കൊണ്ടുവരും മുമ്പ് ക്രിപ്റ്റോയെ നികുതി വ്യവസ്ഥയ്ക്ക് കീഴിലാക്കിയ കേന്ദ്ര നീക്കം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved