
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി വീടുകളിലിരിക്കുന്ന സ്വര്‍ണവും വിദേശ നാണ്യശേഖരവും പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍. കൂടുതല്‍ കറന്‍സി അച്ചടിക്കാനാണ് ഗാര്‍ഹിക സ്വര്‍ണവും വിദേശ കരുതല്‍ ശേഖരവും ഈടായി ഉപയോഗിക്കുക. ഇതിന്റെ ഈടിന്മേല്‍ കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചിറക്കാനാണ് പദ്ധതിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സ്രോതസ് വെളിപ്പെടുത്താതെ ബാങ്കുകള്‍ വഴിയാകും വീടുകളില്‍ നിന്ന് സ്വര്‍ണം ശേഖരിക്കുകയെന്നും അറിയുന്നു. ബിസിനസ് സ്റ്റാന്റേഡാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 25,000 ടണ്‍ സ്വര്‍ണം രാജ്യത്തെ വീടുകളില്‍ ശേഖരമായുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തല്‍.
നേരത്തെ തന്നെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. ചുരുങ്ങിയത് 30 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ച് പലിശ നേടാവുന്ന പദ്ധതിയാണിത്. പരമാവധി എത്ര ഗ്രാം വേണമെങ്കിലും നിക്ഷേപിക്കാം. അതിന് സമാനമായ പദ്ധതിയാകും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.