
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം കൊവിഡ് തരംഗത്തെ നേരിടാന്‍ മൂന്നാം കൊവിഡ് പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 20,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചേക്കുക. സാധ്യമായ മറ്റൊരു തരംഗത്തിന് മുന്‍കൂട്ടി തയ്യാറെടുക്കുകയും അതിന്റെ വ്യാപനം തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആരോഗ്യ-ധനകാര്യ മന്ത്രാലയങ്ങള്‍ വിശദാംശങ്ങള്‍ തയ്യാറാക്കുകയാണ്. മന്ത്രിസഭയുടെ അനുമതി ലഭിച്ചശേഷം പ്രഖ്യാപിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂടുതല്‍ ആശുപത്രി കിടക്കകള്‍ സജ്ജമാക്കുക, അവശ്യ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും സംഭരിക്കുക, ദേശീയ, സംസ്ഥാന ആരോഗ്യ മേഖലകള്‍ ശക്തിപ്പെടുത്തുക, കൂടുതല്‍ ലബോറട്ടറികളും പരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കുക എന്നിവയുള്‍പ്പെടെ കോവിഡ് സമര്‍പ്പിത ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായിരിക്കും പാക്കേജില്‍ പ്രാധാന്യം നല്‍കുക.
കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. മാത്രമല്ല ഡെല്‍റ്റാ പ്ലസ് വകഭേദവും രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.നിലവില്‍ 11 സംസ്ഥാനങ്ങളിലായി 48 ഡെല്‍റ്റാ പ്ലസ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡീഷ, രാജസ്ഥാന്‍, ജമ്മു, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റാ പ്ലസ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍, ആശുപത്രി കിടക്കകള്‍, അവശ്യ മരുന്നുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവയുടെ കുറവ് മൂലം രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കടുത്ത പ്രതിസന്ധിയായിരുന്നു നേരിട്ടത്. ഈ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.