നികുതി കുറയ്ക്കണമെന്ന് ടെസ്‌ലയുടെ ആവശ്യം; മോദി സര്‍ക്കാര്‍ മുട്ടുകുത്തിയേക്കും

August 10, 2021 |
|
News

                  നികുതി കുറയ്ക്കണമെന്ന് ടെസ്‌ലയുടെ ആവശ്യം; മോദി സര്‍ക്കാര്‍ മുട്ടുകുത്തിയേക്കും

ന്യൂഡല്‍ഹി: വിദേശ കാര്‍ നിര്‍മാണ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍. നികുതി നിരക്കിലെ പൊളിച്ചെഴുത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് സൂചന. ഇന്ത്യയില്‍ വലിയ നികുതിയാണുള്ളതെന്ന് പല കമ്പനികളും പരാതിപ്പെടുന്നുണ്ട്. അതുകൊണ്ട് പല വ്യവസായ ഭീമന്മാരും ഇന്ത്യയില്‍ യൂണിറ്റ് സ്ഥാപിക്കാനും നിക്ഷേപം നടത്താനുമൊക്കെ രണ്ടാമത് ആലോചിക്കാറുമുണ്ട്. അതേസമയം ടെസ്ല അടക്കം ഇന്ത്യയില്‍ യൂണിറ്റ് തുടങ്ങുന്നുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെ നികുതികളെ കുറിച്ചുള്ള പരാമര്‍ശവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ പൊളിച്ചെഴുത്തിന് ഒരുങ്ങുന്നത്.

ഇറക്കുമതി നികുതി കുറയ്ക്കാനുള്ള പ്ലാനുകളാണ് ഇന്ത്യക്കുള്ളത്. ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ നാല്‍പ്പത് ശതമാനത്തോളം കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ലോകത്ത് പലയിടത്തുമുള്ള ഇലക്ട്രിക് കാര്‍ മേഖല ഇനി മുതല്‍ ഇന്ത്യയെയും ശ്രദ്ധിച്ച് തുടങ്ങും. വളര്‍ന്ന് വരുന്ന വിപണയില്‍ ഏറ്റവും സാധ്യതയുള്ള രാജ്യമായി എല്ലാവരും കാണുന്നത് ഇന്ത്യയെയാണ്. ടെസ്ല ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായി ആവശ്യപ്പെട്ടെങ്കിലും വാഹന വിപണിയില്‍ നിന്ന് പൂര്‍ണ പിന്തുണ അവര്‍ക്ക് ലഭിച്ചിട്ടില്ല. ചിലര്‍ അവരുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നാല്‍പതിനായിരം ഡോളര്‍ വരെ വില വരും. ഇതില്‍ ഇന്‍ഷുറന്‍സ് അടക്കമുള്ള അടങ്ങും. ഇത് വന്‍ തുകയാണ്. നിരവധി പേര്‍ ഇറക്കുമതി ചെയ്യുന്ന വാഹന വില താങ്ങാനാവാതെ വരികയും, ഒപ്പം നികുതി കൂടി ചേരുന്നതോടെ അത് വലിയ ബാധ്യതയായും മാറാറുണ്ട്. നാല്‍പ്പത് ശതമാനത്തിലേക്ക് നികുതി കുറയ്ക്കുമെന്നാണ് സൂചന. നിലവില്‍ ഇത് 60 ശതമാനമാണ്. 40000 ഡോളറിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് നൂറ് ശതമാനം ഇറക്കുമതി തീരുവ 60 ശതമാനമായും കുറയ്ക്കാനാണ് സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. ഇന്ത്യയെ വ്യവസായ ഹബ്ബായി മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ പ്ലാനിന്റെ ആദ്യ ഘട്ടം കൂടിയാണിത്.

അതേസമയം നികുതി കുറയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തെ കാര്‍ വിപണികളില്‍ അഞ്ചാം സ്ഥനത്താണ് ഇന്ത്യ. വര്‍ഷത്തില്‍ മൂന്ന് മില്യണോളം വാഹനങ്ങളാണ് വിറ്റുപോകുന്നത്. എന്നാല്‍ വിറ്റുപോകുന്ന കാറുകളില്‍ ലക്ഷ്വറി കാറുകള്‍ കുറവാണ്. എല്ലാം 20000 ഡോളറിന് താഴെയുള്ള കാറുകളാണ്. മധ്യവര്‍ത്തി സമൂഹം ധാരാളമുള്ളത് കൊണ്ടാണ് അത്തരം കാറുകള്‍ കൂടുതല്‍ ഏറ്റെടുക്കാന്‍ കാരണമാകുന്നത്. ഇന്ത്യയിലെ ഇറക്കുമതി തീരുവ ഉയര്‍ന്ന തോതിലായത് കൊണ്ട് പലര്‍ക്കും ലക്ഷ്വറി വാഹനം വാങ്ങാന്‍ ബുദ്ധിമുട്ടുണ്ട്.

നികുതി കുറയ്ക്കുന്നതിലൂടെ ആഢംബര വാഹനങ്ങളും സാധാരണക്കാര്‍ക്ക് പ്രാപ്യമായ നിരക്കില്‍ ലഭിക്കും. ടെസ്ല നേരത്തെ നാല്‍പ്പത് ശതമാനമായി ഇറക്കുമതി തീരുവ കുറയ്ക്കാനായിരുന്നു ആവശ്യപ്പെട്ടത്. അതിലൂടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനത്തെ താളം തെറ്റിക്കുമെന്നായിരുന്നു പല കമ്പനികളും ഇതിനെ എതിര്‍ത്ത് കൊണ്ട് പറഞ്ഞത്. ടെസ്ല വരുന്നതോടെ തങ്ങളുടെ മാര്‍ക്കറ്റ് ഇല്ലാതാവുമെന്ന് ഇവര്‍ ഭയപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പോലും നികുതി കുറയ്ക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.

ടെസ്ലയെ പോലുള്ള കമ്പനികള്‍ വരുന്നത് സമ്പദ് ഘടനയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഒപ്പം ഇന്ത്യയിലെ തന്നെ ഇവര്‍ നിര്‍മാണവും നടത്തും. ഇന്ത്യയില്‍ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിന് വലിയ തടസ്സങ്ങളില്ല. കാരണം ഇലക്ട്രിക് വാഹനങ്ങള്‍ ധാരാളം ഇറക്കുമതി ഇന്ത്യയിലേക്ക് ചെയ്യുന്നില്ല. അതുകൊണ്ട് തീരുവ കുറയ്ക്കുന്നതിലൂടെ ഇന്ത്യക്ക് ഗുണം മാത്രമാണ് ഉണ്ടാവുക. ഇന്ത്യയില്‍ വില്‍പ്പന ഇതിലൂടെ ശക്തമാകും. ഇന്ത്യയില്‍ ഒരു നിര്‍മാണ ഫാക്ടറി തുടങ്ങുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും പറഞ്ഞിരുന്നു. വാഹന ഇറക്കുമതി വിപണിയില്‍ നേട്ടം കൊയ്താല്‍ ഈ ഫാക്ടറി ഇന്ത്യയില്‍ വരും. നീതി ആയോഗ് അടക്കം ഇക്കാര്യങ്ങള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.

Related Articles

© 2025 Financial Views. All Rights Reserved