
ന്യൂഡല്‍ഹി: കടുത്ത നഷ്ടം നേരിടുന്ന പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം അധികം വൈകിയേക്കില്ല. കൊവിഡ് പശ്ചാത്തലയില്‍ എയര്‍ ഇന്ത്യയുടെ വില്‍പന മൂന്ന് വര്‍ഷത്തേക്ക് നീട്ടുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ ആലോചിച്ചിരുന്നു. എന്നാല്‍ ഈ സമ്പത്തിക വര്‍ഷം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആകുമോ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. അതിനായി ലേല നിബന്ധനകളില്‍ ചില ഇളവുകള്‍ കൊണ്ടുവന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം അവസാനത്തോടെ പുതുക്കിയ ബിഡ്ഡിങ് രേഖകള്‍ പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ ആസ്തികള്‍ മാത്രം പരിഗണിച്ച് മൂല്യം കണക്കാക്കാന്‍ അനുമതി ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എയര്‍ ഇന്ത്യയുടെ കടം എന്ന് പറയുന്നത് ആസ്തികള്‍ക്ക് തുല്യമൂല്യത്തിലാണ് ഉള്ളത്. 23,286 കോടി രൂപയാണ് നഷ്ടം കണക്കാക്കിയിരുന്നത്. അതുകൊണ്ട് ഈ തുകയിലോ അതിന് മുകളിലോ ആയിട്ടായിരിക്കും ബിഡ്ഡിങ് നടക്കുക.
ഇതിനിടെ മറ്റൊരു പ്രശ്നം കൂടി ഉടലെടുത്തിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയുടെ ആസ്തികള്‍, പ്രത്യേകിച്ചും ഉപയോഗിക്കാത്ത വിമാനങ്ങളുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട് എന്നാണ് ട്രാന്‍സാക്ഷന്‍ അഡൈ്വസര്‍ ആയ ഏണസ്റ്റ് ആന്റ് യങ് വ്യക്തമാക്കുന്നത് എന്നാണ് വിവരം. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ മൂല്യം കണ്ടെത്തേണ്ടതുകൊണ്ട് നിലവില്‍ ആസ്തി മൂല്യം നിര്‍ണയിക്കരുത് എന്നാണത്രെ ഇവരുടെ നിര്‍ദ്ദേശം.