
ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളുടെ നികുതി കുറയ്ക്കുന്ന വിഷയം പരിഗണിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പ് നല്‍കിയതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ). ഇരുചക്ര വാഹനങ്ങള്‍ക്ക് നിലവില്‍ 28 ശതമാനമാണ് ജിഎസ്ടി നിരക്ക്. കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് ഇരുചക്ര വാഹനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് വാഹന നിര്‍മാതാക്കള്‍ നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇരുചക്ര വാഹനങ്ങള്‍ ആഡംബര വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ല, അതിനാല്‍ നിരക്ക് പരിഷ്‌കരണത്തിന് അര്‍ഹതയുണ്ട്. തല്‍ഫലമായി ഇത് ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ചയ്ക്ക് എത്തുമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കിയതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) പ്രസ്താവനയില്‍ പറഞ്ഞു.
സെപ്റ്റംബര്‍ 19 ന് നടക്കാനിരിക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുചക്ര വാഹനങ്ങളുടെ നികുതി വെട്ടിക്കുറവ് ഉത്സവ സീസണിന് മുമ്പായുളള ആവശ്യകതയെ വര്‍ദ്ധിപ്പിക്കും, കൂടാതെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും അതിന്റെ ഫലമായി ലോക്ക്ഡൗണ്‍ നടപ്പാക്കിയതും കാരണം സ്വകാര്യ ഉപഭോഗം മന്ദഗതിയിലായത് വാഹന നിര്‍മാണ വ്യവസായത്തെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.