
ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്നാണ് റഷ്യ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. പരസ്പരമുള്ള ഇടപാടുകള്‍ക്കായി ഡോളറിന് പകരം ആഭ്യന്തര കറന്‍സികള്‍ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ രൂപയും റഷ്യന്‍ കറന്‍സി റൂബിളും വ്യാപാരത്തിന് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര വാണിജ്യ വകുപ്പ് കൈമാറിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര ധനകാര്യ മന്ത്രി ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയേക്കും. നിലവില്‍ ഇരു കറന്‍സികളും പരസ്പരം എങ്ങനെ പെഗ് ചെയ്യും എന്നതുള്‍പ്പടെ ഉള്ള കാര്യങ്ങള്‍ ധനമന്ത്രാലയവും ആര്‍ബിഐയും പരിശോധിച്ച് വരുകയാണ്.
1991ല്‍ യുഎസ്എസ്ആര്‍ തകരുന്നത് വരെ ഇരു രാജ്യങ്ങളും സ്വന്തം കറന്‍സികളിലാണ് വ്യാപാരം നടത്തിയിരുന്നത്. രൂപ-റൂബ്ള്‍ വ്യാപാരം പുനസ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ 2009ലും റഷ്യ പരിശോധിച്ചിരുന്നു. 2021ല്‍ 6.9 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. തിരികെ 3.33 ബില്യണ്‍ ഡോളറിന്റേതായിരുന്നു കയറ്റുമതി.