കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് വെളിപ്പെടുത്തേണ്ടി വരും; ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി വീണ്ടും പരിഗണനയില്‍

July 31, 2020 |
|
News

                  കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് വെളിപ്പെടുത്തേണ്ടി വരും; ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി വീണ്ടും  പരിഗണനയില്‍

കൊച്ചി: ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം സ്വയം വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന 'ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി' നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആലോചിക്കുന്നു. പദ്ധതിയനുസരിച്ച് കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് നികുതി വകുപ്പിനു മുന്നില്‍ ഓരോ വ്യക്തിയും വെളിപ്പെടുത്തേണ്ടി വരും. മാത്രമല്ല, കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിര്‍ണയിക്കുകയും ചെയ്യും.

ഇതോടെ നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുള്ളവര്‍ നികുതി അടയ്‌ക്കേണ്ടതായി വരും. നിശ്ചിത അളവില്‍ കൂടുതലുള്ള സ്വര്‍ണം കുറച്ചുകാലത്തേക്ക് സര്‍ക്കാരിലേക്ക് നിക്ഷേപിക്കേണ്ടതായും വരും. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ ഇക്കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ വര്‍ഷവും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2015-ലാണ് മോദി സര്‍ക്കാര്‍ പദ്ധതി ആദ്യം അവതരിപ്പിച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെ മാത്രം പിന്തുണയോടെയായിരുന്നു ഇത്. എന്നാല്‍, വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നതോടെ ഇത്തരമൊരു നീക്കമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ അറിയിക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാമ്പത്തികമായി വലിയ ഞെരുക്കം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ കൈവശമുള്ള കണക്കില്‍പ്പെടാത്ത സ്വര്‍ണം തിട്ടപ്പെടുത്തി നികുതി പിരിക്കുന്ന കാര്യം സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുന്നത്. നിലവില്‍ ഇതു സംബന്ധിച്ച നിര്‍ദേശം പ്രാരംഭഘട്ട പരിഗണനയിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് അഭിപ്രായം ആരാഞ്ഞതിനു ശേഷമായിരിക്കും പദ്ധതി നടപ്പില്‍ വരുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved