
ന്യൂഡല്‍ഹി: ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എന്‍എച്ച്എഐ) പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ദേശീയപാതകള്‍ കൈകാര്യം ചെയ്യുന്നതും വികസിപ്പിക്കുന്നതും പരിപാലിക്കുന്നതുമായ അധികാര കേന്ദ്രമാണ് എന്‍എച്ച്എഐ.
എന്‍എച്ച്എഐയുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മികച്ച പ്രവര്‍ത്തനം നടത്തിയ മികച്ച സംവിധാനമാണ് എന്‍എച്ച്എഐ എന്ന് ഗഡ്കരി പറഞ്ഞു. കോവിഡ് -19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, റോഡുകളിലും ഹൈവേകളിലും ഉളള നിക്ഷേപ അവസരങ്ങളെ സംബന്ധിച്ച് അസോചം സംഘടിപ്പിച്ച വെബിനറില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.
പരിഷ്‌കാരങ്ങളുടെ വിശദാംശങ്ങള്‍ ഗഡ്കരി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ചുവപ്പ് നാട മൂലമുളള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും പ്രോജക്ടുകളുടെ കാലതാമസം കുറയ്ക്കുമെന്നും തീരുമാനമെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. തീരുമാനമെടുക്കുന്നതിലെ കാലതാമസം അംഗീകരിക്കില്ലെന്നും റോഡ് മന്ത്രാലയത്തിലും എന്‍എച്ച്എഐയിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രകടന ഓഡിറ്റ് നടത്തുമെന്നും ജനുവരിയില്‍ ദേശീയപാത പദ്ധതികള്‍ അവലോകനം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞിരുന്നു.