സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ പാര്‍ലമെന്റ് ബില്‍

November 24, 2021 |
|
News

                  സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ പാര്‍ലമെന്റ് ബില്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കുന്നു. ഇത് സംബന്ധിച്ച ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. നവംബര്‍ 29നാണ് പാര്‍ലമെന്റ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്.  ചില ഭേദഗതികളോടെയാകും ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജറ്റല്‍ കറന്‍സി ബില്ല് അവതരിപ്പിച്ചേക്കുക. 29 ബില്ലുകളാണ് ശീതകാല സമ്മേളനത്തില്‍ പരിഗണനക്ക് വരുന്നത്.

സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കുന്നതോടൊപ്പം ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയും അതിന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ബില്ലില്‍ മാറ്റംവരുത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ചും വിശദമായ ചട്ടക്കൂട് ബില്ലിലുണ്ടാകും.

ബില്ല് അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രധാന ക്രിപ്റ്റോകറന്‍സികളുടെ മൂല്യം 15 ശതമാനത്തിലേറെ ഇടിഞ്ഞു. ബിറ്റ്കോയിന്‍ 18.53ശതമാനവും ഈഥേറിയം 15.58ശതമാനവും ടെതര്‍ 18.29ശതമാനവുമാണ് താഴെപോയത്. ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ടുനടന്ന ആദ്യ പാര്‍ലമെന്ററി സമിതിയോഗം കഴിഞ്ഞ് ഒരാഴ്ചക്കുശേഷമാണ് ഇതുസംബന്ധിച്ച ബില്‍ പരിഗണനക്ക് വരുന്നത്. ക്രിപ്റ്റോകറന്‍സി നിരോധിക്കാനാവില്ലെന്നും നിയന്ത്രിക്കുകയാണ് വേണ്ടതെന്നും യോഗത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ക്രിപ്റ്റോ എക്സ്ചേഞ്ച്, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്റ്റോ അസറ്റ് കൗണ്‍സില്‍ തുടങ്ങിയവയിലെ പ്രതിനിധികളുമായി ബിജെപി എം.പി ജയന്ത് സിന്‍ഹയുമായി നവംബര്‍ 16ന് കൂടിക്കാഴ്ച നടത്തുകയുംചെയ്തിരുന്നു. പ്രധാനമന്ത്രി നരേദ്ര മോദിയുടെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളിലെയും ആര്‍ബിഐയിലെയും ഉദ്യോഗസ്ഥരുമായി ഉന്നതതലയോഗവും നടന്നു. രാജ്യത്തെ ക്രിപ്റ്റോകറന്‍സി ഇടപാടുകളിലെ വളര്‍ച്ചയെക്കുറിച്ച് ആര്‍ബിഐയും സെബിയും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മധ്യഅമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍മാത്രമാണ് നിലവില്‍ ക്രിപ്റ്റോകറന്‍സിക്ക് നിയമസാധുത നല്‍കിയിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved