
മുംബൈ: ഇന്ത്യയില്‍ വിദേശനിക്ഷേപകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വ്യാപാരതര്‍ക്കങ്ങളും കേസുകളും അതിവേഗം പരിഹരിക്കാന്‍ സംവിധാനം ഒരുങ്ങുന്നു. ഇതിനായി നിയമനിര്‍മാണം നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. നാല്‍പത് പേജുകളുള്ള നിയമത്തിന്റെ കരട് രൂപത്തില്‍ വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്്ഥാപിക്കാനും മീഡിയേറ്ററെ നിയമിക്കാനുമാണ് വ്യവസ്ഥ ചെയ്യുന്നത്. ഇന്ത്യയില്‍ വ്യാപാര തര്‍ക്കം സംബന്ധിച്ച കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം എടുക്കുന്നതിനാല്‍ രാജ്യത്തെ നിക്ഷേപം നടത്തുന്നതില്‍ നിന്നും വിദേശ വ്യവസായികളെ അകറ്റുന്നതായാണ് വിലയിരുത്തല്‍.
ഇന്ത്യയുമായുള്ള കരാര്‍ വ്യവസ്ഥകള്‍ കാലാവധി തീരുംമുമ്പെ നടപ്പിലാക്കാന്‍ കഴിയാതെ വരുന്നതും വിദേശനിക്ഷേപകരെ അകറ്റുന്നുണ്ട്. നിലവില്‍ ഇന്ത്യയും വിദേശകമ്പനികളും തമ്മിലുള്ള ഇരുപതോളം കേസുകളാണ് അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതികളില്‍ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നേരത്തെ കോര്‍പ്പറേറ്റ് നികുതി കുറച്ചുകൊണ്ടുള്ള നയവും കേന്ദ്രം നടപ്പാക്കിയത് വിദേശനിക്ഷേപം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു.