റെയില്‍വേ എഞ്ചിനീയറിങ് കമ്പനിയുടെ 15 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

November 09, 2020 |
|
News

                  റെയില്‍വേ എഞ്ചിനീയറിങ് കമ്പനിയുടെ 15 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

ന്യൂഡല്‍ഹി: റെയില്‍വേക്ക് കീഴിലെ എഞ്ചിനീയറിങ് കമ്പനിയായ ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ 15 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. കേന്ദ്രസര്‍ക്കാരിന് നിലവില്‍ 89.18 ശതമാനം ഓഹരികളാണ് പൊതുമേഖലാ സ്ഥാപനത്തില്‍ ഉള്ളത്. മാര്‍ക്കറ്റിലെ സാഹചര്യം നോക്കി 10 മുതല്‍ 15 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാനാണ് ആലോചിക്കുന്നതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.

2018 ല്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് ഇത്. അന്ന് ഐപിഒയിലൂടെ 467 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. 77.95 രൂപയായിരുന്നു വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോള്‍ കമ്പനിയുടെ ഒരു ഓഹരിയുടെ വില. നിലവിലെ മാര്‍ക്കറ്റ് വില അനുസരിച്ച് 15 ശതമാനം ഓഹരി വിറ്റ് 540 കോടി കേന്ദ്രസര്‍ക്കാരിന് നേടാനാവും.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഓഹരികള്‍ വിറ്റഴിച്ച് 2.10 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികളില്‍ നിന്ന് 1.20 ലക്ഷം കോടിയും സാമ്പത്തിക സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിച്ച് 90000 കോടിയും സമാഹരിക്കാനാണ് നീക്കം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 6138 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved