
ഉള്ളി വില ഉയരുന്നതിനിടയിലും, ബീഹാര്‍ തിരഞ്ഞെടുപ്പ് കണക്കിലെടുത്തും ഡിസംബര്‍ 15 വരെ കേന്ദ്രം ഉള്ളി, സവാള ഇറക്കുമതി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍മാരോട് ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി സുഗമമാക്കുന്നതിന് അവിടത്തെ വ്യാപാരികളുമായി ബന്ധപ്പെടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഉടന്‍ എത്തിച്ചേരാന്‍ സാധ്യതയുള്ള ഖാരിഫ് ഉള്ളി, വര്‍ദ്ധിച്ചുവരുന്ന വിലയ്ക്ക് പരിഹാരം കാണുമെന്ന് സര്‍ക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉള്ളിയുടെ ചില്ലറ വില്‍പ്പന വില വര്‍ദ്ധിച്ച സമയത്താണ് ഈ നീക്കം. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പറയുന്നതനുസരിച്ച്, കഴിഞ്ഞ 10 ദിവസത്തിനിടെ കിലോയ്ക്ക് 11.56 രൂപയുടെ കുത്തനെയുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചില്ലറ വില കിലോയ്ക്ക് 51.95 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കിലോയ്ക്ക് 46.33 രൂപയായിരുന്നു വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12.13 ശതമാനം കൂടുതലാണ് ഇത്തവണത്തെ വില വര്‍ദ്ധനവ്.
ഖാരിഫ് ഉള്ളി വരവിനു മുമ്പുള്ള സീസണില്‍ ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് ന്യായമായ നിരക്കില്‍ ലഭ്യത ഉറപ്പാക്കുന്നതിന് സവാള കയറ്റുമതി നിരോധനം സെപ്റ്റംബര്‍ 14 ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന് ബന്ധപ്പെട്ട രാജ്യങ്ങളിലെ വ്യാപാരികളുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇറക്കുമതി ചെയ്യുന്ന ഉള്ളി ഇന്ത്യന്‍ തുറമുഖത്ത് ഉടന്‍ എത്തിച്ചേരും.
ചില്ലറ വില വര്‍ദ്ധനവിന്റെ നിരക്ക് ഒരു പരിധിവരെ നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഉള്ളി വളരുന്ന പ്രധാന ജില്ലകളായ മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഉണ്ടായ കനത്ത മഴ ഖാരിഫ് വിളകള്‍ക്കും സംഭരിച്ച സവാള, വിത്തുകള്‍ തുടങ്ങിയവയ്ക്കും കേടുപാടുകള്‍ വരുത്തി. കാലാവസ്ഥാ രംഗത്തെ ഈ സംഭവവികാസങ്ങള്‍ ഉള്ളി വില കുത്തനെ ഉയരാന്‍ കാരണമായി. 2020ലെ റാബി സീസണ്‍ മുതല്‍ സവാളയുടെ ബഫര്‍ സ്റ്റോക്ക് നിലനിര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.