
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള യാത്രക്കും വിസക്കും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യക്കാരായ മറുനാടന്‍ പൗരന്മാര്‍, ഇന്ത്യന്‍ വംശജര്‍ എന്നിവര്‍ക്കായുള്ള ഒസിഐ, പിഐഒ കാര്‍ഡുള്ളവര്‍ക്കും, വിദേശികള്‍ക്കും ഇന്ത്യയില്‍ വരുന്നതിനും തിരിച്ച് പോകുന്നതിനുമുള്ള വിലക്ക് നീക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
'ടൂറിസ്റ്റ് വിസ ഒഴികെ മറ്റ് എല്ലാ ആവശ്യങ്ങള്‍ക്കും ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഒസിഐ, പിഒഒ കാര്‍ഡ് ഉടമകള്‍ക്കും മറ്റെല്ലാ വിദേശ പൗരന്മാര്‍ക്കും അംഗീകൃത വിമാനത്താവളങ്ങളിലൂടെയും തുറമുഖ ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകളിലൂടെയും വിമാനം അല്ലെങ്കില്‍ ജലമാര്‍ഗങ്ങളില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു. വന്ദേ ഭാരത് മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങള്‍, എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ബബിള്‍ ക്രമീകരണം അല്ലെങ്കില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുവദിക്കുന്ന ഏതെങ്കിലും ഷെഡ്യൂള്‍ ചെയ്യാത്ത വാണിജ്യ വിമാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു'-ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
വരുന്നവര്‍, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും വകുപ്പ് അറിയിച്ചു. കൂടാതെ, നിലവിലുള്ള എല്ലാ വിസകളും (ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ, മെഡിക്കല്‍ വിസ എന്നിവ ഒഴികെ) പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 'അത്തരം വിസകളുടെ സാധുത കാലഹരണപ്പെട്ടെങ്കില്‍, ഉചിതമായ വിഭാഗങ്ങളുടെ പുതിയ വിസകള്‍ ബന്ധപ്പെട്ട ഇന്ത്യന്‍ മിഷന്‍ / പോസ്റ്റുകളില്‍ നിന്ന് ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വൈദ്യചികിത്സയ്ക്കായി ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്മാര്‍ക്ക് അവരുടെ മെഡിക്കല്‍ അറ്റന്‍ഡന്റുമാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വിസയ്ക്ക് അപേക്ഷിക്കാം. ബിസിനസ്സ്, കോണ്‍ഫറന്‍സുകള്‍, തൊഴില്‍, പഠനങ്ങള്‍, ഗവേഷണം, മെഡിക്കല്‍ ആവശ്യങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാനും ഈ മാറ്റങ്ങള്‍ സഹായിക്കും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 ഫെബ്രുവരി മുതലാണ് ഇന്ത്യ വിസകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.