ബാങ്ക് ഗ്യാരണ്ടിയായി നല്‍കിയ തുക കമ്പനികള്‍ക്ക് തിരികെ നല്‍കി കേന്ദ്ര സര്‍ക്കാര്‍; വിഐയ്ക്ക് 15000 കോടിയും എയര്‍ടെല്ലിന് 7000 കോടി രൂപയും ലഭിച്ചു

April 09, 2022 |
|
News

                  ബാങ്ക് ഗ്യാരണ്ടിയായി നല്‍കിയ തുക കമ്പനികള്‍ക്ക് തിരികെ നല്‍കി കേന്ദ്ര സര്‍ക്കാര്‍; വിഐയ്ക്ക് 15000 കോടിയും എയര്‍ടെല്ലിന് 7000 കോടി രൂപയും ലഭിച്ചു

ന്യൂഡല്‍ഹി: വൊഡഫോണ്‍ ഐഡിയ ബാങ്ക് ഗ്യാരണ്ടിയായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്ന 15000 കോടി രൂപയും ഭാരതി എയര്‍ടെല്‍ നല്‍കിയ 7000 കോടി രൂപയും തിരികെ നല്‍കി. കേന്ദ്രം ടെലികോം രംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായിയാണ് നടപടി. ലൈസന്‍സ് ഫീസ്, സ്‌കെപ്ട്രം കുടിശിക തുടങ്ങിയവയിലെ ബാങ്ക് ഗ്യാരണ്ടി തിരികെ കൊടുക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്.

വൊഡഫോണ്‍ ഐഡിയയില്‍ നിന്ന് രണ്ടായിരം കോടി രൂപ ലൈസന്‍സ് ഫീസ് ഇനത്തില്‍ ഈടാക്കിയ ബാങ്ക് ഗ്യാരണ്ടി നേരത്തെ തന്നെ കേന്ദ്രം കമ്പനിക്ക് തിരികെ കൊടുത്തിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് 15000 കോടി രൂപ കൂടി വൊഡഫോണ്‍ ഐഡിയക്ക് തിരികെ കൊടുത്തത്. ഇപ്പോള്‍ തിരികെ കൊടുത്ത 15000 കോടി രൂപ, 2012-16 കാലത്ത് വൊഡഫോണും ഐഡിയയും സ്‌പെക്ട്രം ലേലത്തിന് മുന്‍പ് കേന്ദ്രത്തിന് നല്‍കിയ ബാങ്ക് ഗ്യാരണ്ടിയാണ്.

ഇരുകമ്പനികളും പുതിയ ബാങ്ക് ഗ്യാരണ്ടി ടെലികോം മന്ത്രാലയത്തില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അടുത്ത ഇന്‍സ്റ്റാള്‍മെന്റ് അടയ്‌ക്കേണ്ട തീയതിക്ക് 13 മാസം മുന്‍പ് പുതിയ ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കണം. എങ്കിലും കേന്ദ്രം ബാങ്ക് ഗ്യാരണ്ടി തിരികെ കൊടുത്തത് വിഐക്കും എയര്‍ടെല്ലിനും ആശ്വാസകരമാണ്. ഇതോടെ ബാങ്കുകളില്‍ നിന്ന് പുതിയ ഫണ്ട് സമാഹരിക്കാന്‍ കമ്പനികള്‍ക്ക് കഴിയും.

Related Articles

© 2025 Financial Views. All Rights Reserved