റീട്ടെയ്ല്‍, മൊത്ത വ്യാപാരികളും ഇനി എംഎസ്എംഇ പരിധിയില്‍; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

July 03, 2021 |
|
News

                  റീട്ടെയ്ല്‍, മൊത്ത വ്യാപാരികളും ഇനി എംഎസ്എംഇ പരിധിയില്‍;  കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ന്യൂഡല്‍ഹി: റീട്ടെയ്ല്‍ വ്യാപാരികളെയും മൊത്തക്കച്ചവടക്കാരെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് എംഎസ്എംഇ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. ഈ നടപടി 2.5 കോടി റീട്ടെയില്‍, മൊത്ത വ്യാപാരികള്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന് എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്‍ഗണനാ മേഖലയിലെ വായ്പകള്‍ ലഭിക്കുന്നതിന് ഇനി ഇവര്‍ക്കും അര്‍ഹതയുണ്ടാകും. 

ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ച അടിയന്തര ഗ്യാരണ്ടി പദ്ധതിയുടെ വിപൂലീകരണത്തിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ വ്യാപാരികള്‍ക്കും സാധിക്കും. ഈ പദ്ധതി പ്രകാരം എംഎസ്എംഇകള്‍ക്ക് 20 ശതമാനം അധിക വായ്പ സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ നേടാനാകും. 4.5 ലക്ഷം കോടി രൂപ വരെയാണ് ഇത്തരത്തില്‍ അധിക വായ്പയായി നല്‍കുന്നത്. നേരത്തെ ഈ പരിധി 3 ലക്ഷം കോടി രൂപയായാണ് നിശ്ചയിച്ചിരുന്നത്. ഈ സ്‌കീമിന്റെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുമുണ്ട്.   

കൊറോണ വ്യാപനവും ലോക്ക്ഡൗണുകളും ഏറ്റവുമധികം ബാധിച്ച ഒരു വിഭാഗം വ്യാപാരികളാണ് എന്നതു കൂടി കണക്കിലെടുത്താണ് നടപടി. റീട്ടെയില്‍, മൊത്ത വ്യാപാരികള്‍ക്ക് എംഎസ്എംഇ വായ്പാ സൗകര്യത്തിലേക്ക് പ്രവേശനം നേടാന്‍ കഴിയുന്നത് ബിസിനസുകളെ പുനരുജ്ജീവിപ്പിക്കുന്നതിനും വിപണി പ്രവര്‍ത്തനത്തിലെ വീണ്ടെടുപ്പിനും സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 

ചില്ലറ വില്‍പ്പന, മൊത്ത വില്‍പ്പന സ്ഥാപനങ്ങളെ 2017 വരെ എംഎസ്എംഇ-കളായി കണക്കാക്കിയിരുന്നു. 2017 ജൂണിലാണ് സര്‍ക്കാര്‍ ഈ വിഭാഗത്തെ എംഎസ്എംഇ കുടക്കീഴില്‍ നിന്ന് മാറ്റിയത്. വ്യാപര സ്ഥാനങ്ങളെ വീണ്ടും എംഎസ്എംഇ-കളായി പരിഗണിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐനെഎടി) മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എംഎസ്എംഇ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ എംഎസ്എംഇകള്‍ക്കായുള്ള ഉദയം രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved